ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായി ലീഡ് ബാങ്കിന്റെ നേതൃത്വത്തിൽ ജില്ലയിലെ എല്ലാ കൊമേഴ്സ്യൽ ബാങ്കുകളുമായി സഹകരിച്ച് വായ്പാ വിതരണ മേള സംഘടിപ്പിച്ചു. തൃശൂർ എംജി റോഡിലെ ശ്രീശങ്കര ഹാളിൽ നടന്ന വായ്പാ മേള ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കീഴിൽ ജൂൺ 6 മുതൽ 12 വരെയുള്ള ആഴ്ച ഐകോണിക് വീക്കായി ആചരിക്കുകയാണ്. ഇതിനോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലയിലെ 18 ബാങ്കുകൾ പങ്കെടുത്ത പ്രദർശനവും മേളയിൽ ഒരുക്കിയിരുന്നു. മേളയോട് അനുബന്ധിച്ചു 357 എം എസ് എം ഇ ലോണുകളും (27.10 കോടി രൂപ ) 3429 കൃഷി വായ്പകളും (75.24 കോടി രൂപ ) 1158 റീട്ടയിൽ ലോണുകളും (71.06 കോടി രൂപ ) വിതരണം ചെയ്യുകയും അനുവദിക്കുകയും ചെയ്തു.

വിവിധ ബാങ്കുകളിൽ നിന്നും തിരഞ്ഞെടുത്ത അർഹരായവർക്കുള്ള വായ്പാ വിതരണം സ്റ്റേറ്റ് ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജർ ശ്രീനാഥ് നബുരു, കേരള ഗ്രാമീണ ബാങ്ക് അസിസ്റ്റന്റ് ജനറൽ മാനേജർ ശ്യാമള, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കൃപകുമാർ, ഇസാഫ് വൈസ് പ്രസിഡന്റ്‌ സോണി ജോസ്, കാനറാ ബാങ്ക് ഡിവിഷണൽ മാനേജർ കെ കെ അനിൽകുമാർ എന്നിവർ വിതരണം ചെയ്തു.

ഡെപ്യൂട്ടി കലക്ടർ പാർവതി ദേവി അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ ആശംസകൾ നേർന്നു.