പുതിയ കെട്ടിടം ആരോഗ്യ വകുപ്പ് മന്ത്രി നാടിന് സമര്‍പ്പിക്കും

കണ്ണൂര്‍: മലപ്പട്ടം പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തുന്നതിന്റെ ഭാഗമായി നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ആഗസ്റ്റ് 15 ന് ആരോഗ്യ വകുപ്പു മന്ത്രി കെ കെ ശൈലജ ടീച്ചര്‍ നിര്‍വ്വഹിക്കും. ‘ആര്‍ദ്രം’ പദ്ധതിയിലുള്‍പ്പെടുത്തിയാണ് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ വിപുലീകരണം നടത്തിയിരിക്കുന്നത്. മലപ്പട്ടം ഗ്രാമപഞ്ചായത്തിന്റെ 28 ലക്ഷം രൂപയും എന്‍ എച്ച് എം ഫണ്ടായ 14 ലക്ഷം രൂപയും ഉപയോഗിച്ചാണ് കെട്ടിടം നിര്‍മിച്ചത്.

സന്നദ്ധ സംഘടനകളും വ്യക്തികളും ചേര്‍ന്ന് മനോഹരമായ പൂന്തോട്ടം, കുട്ടികള്‍ക്കുള്ള പാര്‍ക്ക്, കവാടം, ആശുപത്രിക്കു വേണ്ട ഉപകരണങ്ങള്‍ എന്നിവ സംഭാവന ചെയ്തു. മൂന്നു ഡോക്ടര്‍മാരെയും ആവശ്യമായ പാരാമെഡിക്കല്‍ സ്റ്റാഫിനെയും കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിയമിച്ചു കഴിഞ്ഞു.

ചടങ്ങില്‍ മലപ്പട്ടം ഗ്രാമപഞ്ചായത്തിനെ കാര്യക്ഷമത ജനസൗഹൃദ പഞ്ചായത്തായി പ്രഖ്യാപിക്കും. ജെയിംസ് മാത്യു എം എല്‍ എ അധ്യക്ഷത വഹിക്കും. ലബോറട്ടറിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് നിര്‍വ്വഹിക്കും. കുട്ടികളുടെ പാര്‍ക്കും അന്നു തന്നെ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് പി പുഷ്പജന്‍, ഡി എം ഒ ഡോ. നാരായണ നായ്ക് എന്നിവര്‍ പങ്കെടുക്കും.


ചിത്രം: ആരോഗ്യ വകുപ്പു മന്ത്രി ഉദ്ഘാടനം ചെയ്യുന്ന മലപ്പട്ടം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം അവസാന മിനുക്കു പണികള്‍ക്കിടെ.