കണ്ണൂര്‍: ജില്ലാ പഞ്ചായത്തും ജില്ലാ വ്യവസായ കേന്ദ്രവും ജനകീയാസൂത്രണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച കാര്‍ഷിക പരമ്പരാഗത വ്യവസായിക ഉല്‍പ്പന്ന പ്രദര്‍ശന വിപണന മേള കോര്‍പ്പറേഷന്‍ മേയര്‍ ഇ പി ലത ഉദ്ഘാടനം ചെയ്തു. കുടുബശ്രീ യൂണിറ്റുകള്‍ക്കും, ചെറുകിട സംരഭകര്‍ക്കും കൈത്താങ്ങാവുന്ന തരത്തില്‍ അവരുടെ ഉത്പ്പന്നങ്ങള്‍ക്ക് വിപണി ലഭ്യമാക്കുന്ന ഇടപെടലാണ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടക്കുന്നതെന്ന് മേയര്‍ പറഞ്ഞു. പോലീസ് മൈതാനത്ത് നടക്കുന്ന മേളയില്‍ ജില്ലയിലെ കുടുംബശ്രീ യൂണിറ്റുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സഹകരണ സംഘങ്ങള്‍, വനിതാ ചെറുകിട വ്യവസായ യൂണിറ്റുകള്‍, എന്നിവരുടെ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവുമാണ് നടക്കുന്നത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് അധ്യക്ഷനായി. പരമ്പരാഗത കൈത്തറിയെന്ന പേരില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള വസ്ത്രങ്ങള്‍ വില്‍പ്പനയ്‌ക്കെത്തിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. മേളയുടെ ലക്ഷ്യം കൈമോശം വരാതെ സൂക്ഷിക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചൂണ്ടിക്കാട്ടി. വൈസ് പ്രസിഡന്റ് പി പി ദിവ്യ മുഖ്യ പ്രഭാഷണവും ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി കെ സുരേഷ് ബാബു പദ്ധതി വിശദീകരണവും നടത്തി. സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ കെ പി ജയബാലന്‍, കെ ശോഭ, ടി ടി റംല, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ തോമസ് വര്‍ഗ്ഗീസ്, അജിത് മാട്ടൂല്‍, അന്‍സാരി തില്ലങ്കേരി, കെ പി സരസ്വതി, ചെറുകിട വ്യവസായ വര്‍ക്കിംഗ് ഗ്രൂപ്പ് ജില്ലാ പഞ്ചായത്ത് ചെയര്‍പേഴ്‌സണ്‍ ടി ആര്‍ സുശീല, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ ഇന്‍-ചാര്‍ജ്ജ് കെ വി സുകുമാരന്‍, കെ എസ് എസ് ഐ എ വൈസ് പ്രസിഡന്റ് മൂസാന്‍കുട്ടി, ജില്ലാ അഗ്രി-ഹോര്‍ട്ടി കള്‍ച്ചറല്‍ സൊസൈറ്റി സെക്രട്ടറി ബി പി റൗഫ്, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ടി അബ്ദുള്‍ വഹാബ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ആഗസ്റ്റ് 10 നു ആരംഭിച്ച മേള 24 വരെ തുടരും.