വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സംരംഭം തുടങ്ങുവാന്‍ താല്‍പര്യമുള്ളവര്‍ക്കുള്ള ബോധവല്‍ക്കരണം നല്‍കുന്നതിന്റെ ഭാഗമായി പൊഴുതന ഗ്രാമ പഞ്ചായത്തില്‍ ഏകദിന ശില്‍പശാല സംഘടിപ്പിച്ചു.പൊഴുതന പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം പൊഴുതന പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. ബാബു നിര്‍വ്വഹിച്ചു. വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ സുബൈദ പരീത് അധ്യക്ഷയായി. വൈത്തിരി ഉപജില്ലാ വ്യവസായ ഓഫീസര്‍ എന്‍. അയ്യപ്പന്‍ മുഖ്യപ്രഭാഷണം നടത്തി.പുതുസംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുക, മാര്‍ഗനിര്‍ദേശം നല്‍കുക എന്നതാണ് ശില്‍പശാലയുടെ ലക്ഷ്യം. ശില്‍പശാലയുടെ ഭാഗമായി ലൈസന്‍സ്, ലോണ്‍ മേള, വിവിധ വകുപ്പുകളുടെ ക്ലാസ്സുകളും നടന്നു. അമ്പതോളം പേരാണ് ശില്‍പശാലയില്‍ പങ്കെടുത്തത്.കല്‍പ്പറ്റ വ്യവസായ വികസന ഓഫീസര്‍ ഷീബ മുല്ലപ്പള്ളി, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ഷാഹിന ഷംസുദീന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ സുധ അനില്‍, പൊഴുതന ഗ്രാമ പഞ്ചായത്ത വാര്‍ഡ് മെമ്പര്‍മാര്‍, വ്യവസായ വകുപ്പ് പ്രതിനിധി നിതിന്‍ സുകുമാരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.