സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി ഞങ്ങളും കൃഷിലേക്ക് എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി രാജകുമാരി ഗ്രാമപഞ്ചായത്തില്‍ പച്ചക്കറികൃഷികളുടെ വിളവെടുപ്പ് മഹോത്സവം നടത്തി. രാജകുമാരി നോര്‍ത്തില്‍ പഞ്ചായത്ത് തല വിളവെടുപ്പ് ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമ ബിജു നിര്‍വ്വഹിച്ചു.

പച്ചക്കറി കൃഷിയില്‍ സംസ്ഥാനം സ്വയം പര്യപ്തതയില്‍ എത്തുക, ജൈവ കൃഷി പ്രോത്സാഹിപ്പിക്കുക, വിഷവിമുക്തമായ ആഹാരം ശീലമാക്കുക, തരിശു നിലങ്ങള്‍ കൃഷിയോഗ്യമാക്കുക, കൃഷി ഭൂമി ഇല്ലാത്തവര്‍ക്കും കൃഷി ചെയുന്നതിനാവശ്യമായ സാഹചര്യങ്ങള്‍ ഒരുക്കുക, പച്ചക്കറിക്കും നെല്‍ക്കൃഷിക്കും കൂടുതല്‍ പ്രാധാന്യം നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി കൃഷി വകുപ്പ് മുഖേന സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന ഞങ്ങളും കൃഷിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായാണ് വിളവെടുപ്പ് നടത്തിയത്.

കര്‍ഷക ഗ്രുപ്പുകളുടെ സഹകരണത്തോടെ രാജകുമാരി ഗവ.സ്‌കൂളിന് സമീപമുള്ള രണ്ട് ഏക്കറോളം സ്ഥലത്താണ് കൃഷി ചെയ്തത്. വിളവെടുപ്പിനു പാകമായ ബീന്‍സ്, പയര്‍, ചീര, തക്കാളി എന്നിവയാണ് വിളവെടുത്തത്. കപ്പ, ചോളം, വെള്ളരി, വഴുതന, വെണ്ട തുടങ്ങിയവയെല്ലാം കര്‍ഷകര്‍ കൃഷി ചെയ്തിട്ടുണ്ട്. വിളവെടുപ്പ് മഹോത്സവത്തില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അജേഷ് മുകളേല്‍, പഞ്ചായത്ത് മെമ്പര്‍മാരായ ആഷാ സന്തോഷ്, സി. കുമരേശന്‍, സോളി സിബി, കൃഷി അസിസ്റ്റന്റ് തോമസ് പോള്‍, കര്‍ഷകര്‍ പൊതുപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.