സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തില്‍ നടപ്പിലാക്കുന്ന ‘നൂറ് കോഴിയും കൂടും’ പദ്ധതിയുടെ ബ്ലോക്ക്തല ഉദ്ഘാടനം മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണി നിര്‍വഹിച്ചു. നൂതനപദ്ധതികളിലൂടെ മുട്ടയുല്പാദനത്തിലും ഇറച്ചിക്കോഴികളുടെ ആഭ്യന്തര ഉത്പാദനത്തിലും നിര്‍ണായകമായ വളര്‍ച്ച കൈവരിക്കാനായി ആവിഷ്‌കരിച്ച പദ്ധതിയാണിതെന്ന് മന്ത്രി പറഞ്ഞു. വനിതകളുടെ വരുമാനം വര്‍ധിപ്പിക്കാനും ദാരിദ്ര്യം ഇല്ലാതാക്കാനും പദ്ധതി ലക്ഷ്യമിടുന്നു. ആദ്യ ഘട്ടത്തില്‍ കേരളത്തിലെ മൂന്ന് ജില്ലകളിലെ തെരഞ്ഞെടുത്ത ബ്ലോക്ക് പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പിലാക്കുകയെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം നൂറുദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായുള്ള പദ്ധതിയാണിത്. തെരഞ്ഞെടുത്ത 30 കുടുംബശ്രീ ജെ.എല്‍.ജി ഗ്രൂപ്പുകള്‍ക്കാണ് നൂറു കോഴിയും കോഴികളെ പാര്‍പ്പിക്കാനുള്ള കൂടും ലഭിച്ചത്. ആകെ 90,000 രൂപയാണ് ചെലവ്. ഇതില്‍ 5000 രൂപ ഗുണഭോക്താവ് അടക്കണം ബാക്കി 85000 രൂപ സബ്‌സിഡിയായി ലഭിക്കും. ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തില്‍ ഇരുപത്തേഴ് ലക്ഷം രൂപയുടെ പദ്ധതിയാണ് ഇന്ന് ഉദ്ഘാടനം ചെയ്തത്.
2021-22 സാമ്പത്തിക വര്‍ഷത്തെ പദ്ധതി നിര്‍വഹണത്തില്‍ സംസ്ഥാനതലത്തിലും ബ്ലോക്ക് തലത്തിലും ഒന്നാം സ്ഥാനം നേടിയ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് തലത്തില്‍ രണ്ടാം സ്ഥാനം നേടിയ കടയ്ക്കാവൂര്‍ ഗ്രാമപഞ്ചായത്ത്, മൂന്നാം സ്ഥാനം നേടിയ കിഴുവിലം ഗ്രാമപഞ്ചായത്ത് എന്നിവര്‍ക്കുള്ള പുരസ്‌കാരവും മന്ത്രി വിതരണം ചെയ്തു.
വി ശശി എം. എല്‍. എ അധ്യക്ഷനായ ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജാ ബീഗം, ജില്ലാ പഞ്ചായത്ത് അംഗം ആര്‍. സുഭാഷ്, ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ പി.സി, കെപ്‌കോ മാനേജിംഗ് ഡയറക്ടര്‍ ഡോ.പി. സെല്‍വകുമാര്‍ തുടങ്ങിയവരും പങ്കെടുത്തു.