സ്ത്രീ സൗഹൃദ പഞ്ചായത്തിനായി തില്ലങ്കേരി പഞ്ചായത്തിന്റെ നയരേഖ. തരിശു രഹിത പഞ്ചായത്ത്, ശുചിത്വ പഞ്ചായത്ത് എന്നീ പദവികൾക്കൊപ്പം സ്ത്രീ സൗഹൃദ പഞ്ചായത്തെന്ന ഖ്യാതിയും തില്ലങ്കേരിക്ക് കരുത്താകും. അതിനുള്ള പ്രവർത്തനങ്ങൾക്കാണ് തുടക്കം കുറിച്ചത്.  ലിംഗപരമായ വേർതിരിവുകളില്ലാതെ സാമൂഹ്യ ജീവിതത്തിൽ വിവേചനരഹിതമായ അന്തരീക്ഷം കെട്ടിപ്പടുക്കാനുള്ള നയരേഖയാണ് കഴിഞ്ഞ ദിവസം പഞ്ചായത്ത് പുറത്തിറക്കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വരും വർഷങ്ങളിൽ സ്ത്രീ സൗഹൃദ പഞ്ചായാത്താകാനുള്ള  പദ്ധതികൾ  നടപ്പാക്കുക.
നയരേഖ തയ്യാറാക്കുന്നതിനുള്ള സെക്കണ്ടറി വിവരശേഖരണം കഴിഞ്ഞ നവംബറിൽ തുടങ്ങി മാർച്ചിലാണ് അവസാനിച്ചത്. ഇതിനായി സ്ത്രീ ഫെസിലിറ്റേറ്ററെ നിയമിച്ചിരുന്നു. സ്‌കൂൾ, ആരോഗ്യകേന്ദ്രങ്ങൾ, അങ്കണവാടി, കുടുംബശ്രീ, തൊഴിലുറപ്പ് എന്നിങ്ങനെ വിവിധ മേഖലകളിൽ നിന്നായിരുന്നു വിവരശേഖരണം. ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ, പൊതുയിടം, സാമൂഹ്യ സുരക്ഷ എന്നിങ്ങനെ അഞ്ചു മേഖലകളെ അടിസ്ഥാനമാക്കിയാണ് വിവരങ്ങൾ ക്രോഡീകരിച്ചത്. പട്ടികവർഗം, 18-60 വയസ്സിനിടയിൽ പ്രായമുള്ള സ്ത്രീകളുടെ ജോലി വിവരങ്ങൾ എന്നിവയും പ്രത്യേകം തരംതിരിച്ചിട്ടുണ്ട്.
വിവിധ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കുക, പൊതുവായുള്ള ബോധവൽക്കരണ പരിപാടികൾ നടത്തുക എന്നിങ്ങനെ രണ്ട് തരത്തിലാണ് പ്രവർത്തനങ്ങൾ മുന്നോട്ട് പോവുക. ബോധവത്കരണ പരിപാടികളുടെ ഭാഗമായി വിവിധ വിഷയങ്ങളിൽ ക്ലാസുകളും അഗ്നിശമന സേനയുടെ സഹകരണത്തോടെ സ്ത്രീകൾക്കായി മിഷൻ ഫസ്റ്റ് എയ്ഡ് എന്ന പരിശീലന പരിപാടിയും പഞ്ചായത്ത് സംഘടിപ്പിട്ടുണ്ട്. 
അടിയന്തര ഘട്ടങ്ങൾ എങ്ങനെ നേരിടാം എന്നതിനുള്ള പരിശീലനമാണ് അവർക്ക് നൽകിയത്. കൂടാതെ വാർഡ് തലത്തിലുള്ള ജാഗ്രതാ സമിതികൾ ശക്തിപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകളുടെ പ്രശ്നങ്ങൾ കേൾക്കാനും അവ പരിഹരിക്കാനുമുള്ള വേദി ജാഗ്രതാ സമിതികൾ മുഖേന ഒരുക്കി. വാർഡുകളിൽ ‘കൂടെയുണ്ട് തില്ലങ്കേരി’ ജാഗ്രതാ സമിതിയുടെ പരാതിപ്പെട്ടി സ്ഥാപിച്ചു. വനിതാ ഘടക പദ്ധതിയിൽ ഉൾപ്പെടുത്തി വനിതകൾക്ക് നാല് കേന്ദ്രങ്ങളിൽ യോഗ പരിശീലനവും നൽകുന്നുണ്ട്. നയരേഖയുടെ അടിസ്ഥാനത്തിൽ വരും വർഷങ്ങളിൽ പഞ്ചായത്ത് സ്ത്രീ സൗഹൃദ പഞ്ചായത്ത് എന്ന ലക്ഷ്യം കൈവരിക്കാനുള്ള വിവിധ പദ്ധതികൾ നടപ്പാക്കും.