തളിപ്പറമ്പ് കില ക്യാമ്പസിൽ ഒരുങ്ങുന്നത് ജനാധിപത്യ പഠനത്തിനുള്ള മികവിന്റെ കേന്ദ്രം. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത
കില അന്താരാഷ്ട്ര നേതൃപഠനകേന്ദ്രം- കേരള, ശിലയിട്ട ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആന്റ് ലീഡർഷിപ്പ് കോളേജ് എന്നിവ വിജ്ഞാന സമ്പദ് വ്യവസ്ഥയിലേക്കുള്ള പുതിയ ചുവടുവെപ്പാകും. പുതിയ കാലത്തിനനുസരിച്ച് ചിന്തിക്കുകയും, വെല്ലുവിളികൾ ഏറ്റെടുക്കുകയും ചെയ്യുന്ന യുവതലമുറയെയും നേതാക്കളെയും സൃഷ്ടിക്കുകയാണ് ഈ കേന്ദ്രത്തിന്റെ ലക്ഷ്യം. സോഷ്യൽ എഞ്ചിനീയറിംഗ് ഉൾപ്പടെയുള്ള ഉന്നത പഠന, ഗവേഷണ, വിജ്ഞാന വിനിമയ കേന്ദ്രമാക്കി വികസിപ്പിക്കുകയാണിവിടം. മാനവിക-സാമൂഹിക വിഷയങ്ങൾക്ക് പുറമെ ശാസ്ത്ര, സാങ്കേതിക, കമ്മ്യൂണിക്കേഷൻ, ആസൂത്രണ വിഷയങ്ങളിൽ അന്താരാഷ്ട്ര നിലവാരത്തിൽ ഗവേഷണവും പഠന പ്രവർത്തനങ്ങളും ആരംഭിക്കും. വിവിധ വിഷയങ്ങളിൽ ആഗോള പ്രശസ്തരായ വിദഗ്ധരെ ഇതിന്റെ ഭാഗമാക്കും.
കേരളത്തിന്റെ സാമൂഹിക സാമ്പത്തിക പുരോഗതിക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ആസൂത്രണ നിർവ്വഹണ മേഖലകൾക്കും സഹായകമാകും വിധം വിദഗ്ധരെ രൂപപ്പെടുത്തും. അന്താരാഷ്ട്ര നേതൃപഠന കേന്ദ്രത്തിന്റെ ഭാഗമായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആന്റ് ലീഡർഷിപ്പ് എന്ന പേരിൽ ആരംഭിക്കുന്ന പിജി കോളേജിന്റെ പ്രവർത്തനം ഈ വർഷം ആരംഭിക്കും. നവീനവും ലോകനിലവാരത്തിലുള്ളതുമായ പിജി കോഴ്‌സുകളാണ് കണ്ണൂർ യൂണിവേഴ്‌സിറ്റുമായി അഫിലിയേറ്റ് ചെയ്തുകൊണ്ട് ആരംഭിക്കുക.
നിലവിൽ മൂന്ന് കോഴ്‌സുകളാണ് ആരംഭിക്കുന്നത്-എംഎ സോഷ്യൽ എന്റർപ്രണർഷിപ്പ് ആൻഡ് ഡെവലപ്‌മെന്റ്, എംഎ പബ്ലിക് പോളിസി ആൻഡ് ഡവലപ്‌മെന്റ്, എംഎ ഡീസെൻട്രലൈസേഷൻ ആൻഡ് ഗവേണൻസ്. കേരളത്തിനകത്തും പുറത്തുമുള്ള വിദ്യാർഥികൾക്ക് കോഴ്‌സിന്റെ പ്രയോജനം ലഭിക്കും. ഈ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദതലത്തിൽ കേരളത്തിൽ മറ്റ് കോളേജുകളിലോ യൂണിവേഴ്‌സിറ്റികളിലോ പഠനാവസരമില്ല. 
നിലവിലുള്ള കെട്ടിടത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിയാണ് കോളേജ് ആരംഭിക്കുക. 
തദ്ദേശ സ്ഥാപനങ്ങളെ ഒരുമിച്ച് ചേർത്തുകൊണ്ട് അവർക്കാവശ്യമായ വിവര, വിജ്ഞാന, സാങ്കേതിക പരിജ്ഞാനം ലഭ്യമാക്കുന്ന നോളജ് സിറ്റി രൂപപ്പെടുത്തുകയാണ് അടുത്ത ഘട്ടം പ്രവർത്തനം. കേരളത്തിന്റെ സാമൂഹിക സാമ്പത്തിക വികസന രംഗത്ത് പ്രത്യേക പങ്കുവഹിക്കാൻ സാധിക്കുന്ന രീതിയിൽ നോളജ് സിറ്റിയെ മാറ്റും. നാട്ടിലെ ടൂറിസത്തിനും മറ്റ് പ്രാദേശിക സാമ്പത്തിക പ്രവർത്തനങ്ങൾക്കും ഊർജ്ജം നൽകുന്ന ഒന്നായി ഈ കേന്ദ്രം മാറും. പ്രാദേശിക സാമ്പത്തിക വികസനം, നോളജ് സിറ്റി, ടൂറിസം, ഇൻഫർമേഷൻ ടെക്‌നോളജി, തുടങ്ങിയ മേഖലകളുടെ വികസനം ലക്ഷ്യമിട്ടുള്ള പഠനഗവേഷണ പ്രവർത്തനങ്ങളും  ആരംഭിക്കും. അതിന്റെ ഭാഗമായി പുതിയ കോഴ്‌സുകളും ഗവേഷണ പ്രവർത്തനങ്ങളും ഭാവിയിൽ അന്തരാഷ്ട്ര നേതൃപഠന കേന്ദ്രത്തിൽ നടപ്പിലാക്കും. പ്രാദേശിക തലത്തിലുള്ള ഗവേഷണങ്ങളും സംഘടിപ്പിക്കും. അടുത്ത 25 വർഷത്തേക്കുള്ള വികസന പ്രവർത്തനങ്ങളുടെ ആശയ പ്രഭവകേന്ദ്രമായി അന്താരാഷ്ട്ര നേതൃപഠന കേന്ദ്രം മാറും.