ഓരോ പ്രദേശത്തെയും അടിസ്ഥാന വികസനം മെച്ചപ്പെടുത്താന്‍ സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍.
പൈനാവ് 56 കോളനിയിലെ വനിതാ വര്‍ക്ക്‌ഷെഡ്ഡില്‍ വെച്ചു ഒരു കോടി രൂപയുടെ വികസന പദ്ധതി പ്രഖ്യാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിസ്ഥാന സൗകര്യ വികസനത്തിലൂടെ മെച്ചപ്പെട്ട ജീവിതരീതികള്‍ കൈവരിക്കാനാകും. വിവിധ മേഖലകളിലായി വ്യത്യസ്ത തരത്തിലുള്ള വികസന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തി വരുന്നത്. ആരോഗ്യമേഖല, വിദ്യാഭ്യാസ മേഖല തുടങ്ങിയവയിലുള്ള മാറ്റങ്ങള്‍ എടുത്തുപറയേണ്ടവയാണ്. തൊഴില്‍ ഇല്ലായ്മ പരിഹരിക്കാന്‍ അതിന്റെ സാധ്യതകള്‍ വ്യക്തമാക്കുന്ന കര്‍മ പദ്ധതികളും രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

വാഴത്തോപ്പ് പഞ്ചായത്ത് അംഗം രാജു ജോസഫ് യോഗത്തിന് അധ്യക്ഷത വഹിച്ചു. മുന്‍ മെമ്പറും സാക്ഷരത പ്രേരകുമായ അമ്മിണി ജോസ് സ്വാഗതം പറഞ്ഞു.
2018 ലെ പ്രളയത്തില്‍ വന്‍ നാശം വിതച്ച പ്രദേശമാണ് 56 കോളനി. സര്‍ക്കാരിന്റെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് ഇത്തരം പദ്ധതികള്‍ ജില്ലയില്‍ നടപ്പിലാക്കുന്നത്. ജില്ലയില്‍ രണ്ട് കോളനികളാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. വാഴവര കൗന്തിയും പൈനാവ് 56 കോളനിയും. ഈ തുക ഉപയോഗിച്ച് കുടിവെള്ള പദ്ധതി, വേസ്റ്റ് മാനേജ്മെന്റ്, റോഡുകള്‍, ഫുട് പാത്, വൈദ്യുതികരണം, സംരക്ഷണ ഭിത്തി, കമ്മ്യൂനിറ്റി ഹാള്‍, ഭവന പുനരുദ്ധാരണം , വരുമാനദായക സംരംഭങ്ങള്‍, തുടങ്ങിയവ ചെയ്യാന്‍ സാധിക്കും. ഭവന പുനരുദ്ധാരണം മാത്രം ഗുണഭോക്തൃകേന്ദ്രികൃതമായിരിക്കും.

പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ.ജി സത്യന്‍, നിര്‍മിതികേന്ദ്രം പ്രൊജക്റ്റ് എഞ്ചിനീയര്‍ ബിജു, പട്ടിക ജാതി വികസന ഓഫീസര്‍ സാജു, തുടങ്ങി വിവിധ
രാഷ്ട്രീയ സാമൂഹ്യ പ്രതിനിധികളും വകുപ്പ് ഉദ്യോഗസ്ഥരും പൊതു ജനങ്ങളും പങ്കെടുത്തു.