ഇടുക്കി ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 വാര്‍ഷിക പദ്ധതി പ്രകാരം ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന കിടപ്പു രോഗികള്‍ക്കുള്ള മോട്ടോറൈസ്ഡ് വീല്‍ചെയറുകളുടെ വിതരണോദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു.

വിവിധ സാഹചര്യങ്ങളിലായി ജീവിതത്തിലുണ്ടായ ബുദ്ധിമുട്ടുകള്‍ തരണം ചെയ്യാന്‍ സാധാരണക്കാരെ സഹായിക്കുന്നതിനായി ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന സൗജന്യ വീല്‍ചെയര്‍ വിതരണ പദ്ധതി രോഗികള്‍ക്ക് ഏറെ ഗുണകരമാണെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.
ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിക്കായി 15,74560 രൂപയാണ് ബ്ലോക്ക് വകയിരുത്തിയിരുന്നത്. ബ്ലോക്കിന് കീഴിലെ പഞ്ചായത്തുകളില്‍ നിന്നായി 12 രോഗികള്‍ക്കാണ് വീല്‍ച്ചെയറുകള്‍ വിതരണം ചെയ്തത്. മെഡിക്കല്‍ ബോര്‍ഡിന്റെ നേതൃത്വത്തില്‍ നടത്തിയ മെഡിക്കല്‍ ക്യാമ്പ് വഴിയായിരുന്നു ഗുണഭോക്താക്കളെ കണ്ടെത്തിയത്. വികലാംഗ കോര്‍പറേഷന്‍ മുഖേന 1,27,000 രൂപ നിരക്കില്‍ ഓസ്ട്രിച്ച് മൊബിലിറ്റി എന്ന കമ്പനി നിര്‍മിക്കുന്ന വീല്‍ചെയറുകളാണ് വിതരണം ചെയ്തത്.