ചക്കുപള്ളം ഗ്രാമപഞ്ചായത്തില്‍ ഹരിതകര്‍മ്മ സേന അംഗങ്ങള്‍ക്ക് വേണ്ടി ഹരിതമിത്രം മൊബൈല്‍ ആപ്ലിക്കേഷന്‍ പരിശീലന പരിപാടി നടത്തി. പരീശീലനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.കെ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് അമ്മിണി ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമത ഉറപ്പ് വരുത്തുന്നതിനായി നടപ്പാക്കുന്ന പദ്ധതിയാണ് ഹരിതമിത്രം മൊബൈല്‍ ആപ്ലിക്കേഷന്‍. ഹരിതകേരളം മിഷനും ശുചിത്വ മിഷനും ചേര്‍ന്ന് കെല്‍ട്രോണിന്റെ സഹായത്തോടെയാണ് ഇത് വികസിപ്പിച്ചത്. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന ഖരമാലിന്യ സംസ്‌കരണ ന്യൂനതകള്‍, പുരോഗതി എന്നിവ അറിയാനും പരാതി അറിയിക്കാനും ഹരിതമിത്രം ആപ്പില്‍ സൗകര്യമുണ്ടാകും. തരംതിരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങളുടെ വിവരങ്ങള്‍ ആപ്പില്‍ ലഭ്യമാകും.

ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മാത്യു പി.റ്റി സ്വാഗതം ആശംസിച്ചു. ഹരിത കേരളം കോര്‍ഡിനേറ്റര്‍ അരുണ്‍കുമാര്‍, കെല്‍ട്രോണ്‍ എഞ്ചിനീയര്‍ നെല്‍സണ്‍ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.