ഗ്രന്ഥശാല പ്രസ്ഥാനത്തിന്‍റെ സ്ഥാപക നേതാവായ പി.എൻ. പണിക്കരുടെ അനുസ്മരണാർത്ഥം സംഘടിപ്പിക്കുന്ന വായനാ പക്ഷാചരണ പരിപാടികൾക്ക് ജില്ലയില്‍ ജൂൺ 19ന് തുടക്കമാകും.

സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ മുന്‍ സെക്രട്ടറിയും സാഹിത്യകാരനുമായ ഐ.വി. ദാസിന്‍റെ ജന്മദിനമായ ജൂലൈ ഏഴു വരെ നടത്തുന്ന പക്ഷാചരണത്തിൻറെ ജില്ലാതല ഉദ്ഘാടനം ചേർത്തല ചെറുവാരണം ശ്രീ കേശവ ഗുരു സ്മാരക ഗ്രന്ഥശാലയിൽ രാവിലെ 9.30ന് കാർഷിക വികസന കർഷകക്ഷേമ വകുപ്പ് മന്ത്രി പി.പ്രസാദ് നിർവഹിക്കും. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്‍റ് അലിയാർ എം. മാക്കിയിൽ അധ്യക്ഷത വഹിക്കും.

മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ആർ. നാസർ പി.എൻ.പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തും. നാടക പ്രതിഭകളെ ചടങ്ങിൽ ആദരിക്കും.

കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് വി.ജി.മോഹനൻ, കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.ഗീതാ കാർത്തികേയൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി. ഉത്തമൻ, ടി.പി. കനകൻ, വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എം.പി. ഓമന, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജസ്റ്റിൻ ജോസഫ്, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ടി.തിലകരാജ്, പി.എൻ. പണിക്കർ ഫൗണ്ടേഷൻ ജില്ലാ ചെയർമാൻ രവി പാലത്തിങ്കൽ, സാക്ഷരതാ മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ കെ.വി.രതീഷ്, സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം മാലൂർ ശ്രീധരൻ, ചേർത്തല താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്‍റ് വിദ്വാൻ കെ.രാമകൃഷ്ണൻ, സെക്രട്ടറി കെ.പി.നന്ദകുമാർ, ശ്രീകേശവ ഗുരു ഗ്രന്ഥശാല സെക്രട്ടറി എ.ഡി. അപ്പുക്കുട്ടൻ എന്നിവർ സംസാരിക്കും.

ജില്ലാ ഭരണകൂടം, ജില്ലാ ലൈബ്രറി കൗൺസിൽ, പി.എൻ.പണിക്കർ ഫൗണ്ടേഷൻ, ഇൻഫർമേഷൻ – പബ്ലിക് റിലേഷൻസ് വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, സാക്ഷരതാ മിഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പക്ഷാചരണം നടത്തുന്നത്.