പ്രവാസികളും പ്രവാസി മാധ്യമ പ്രവർത്തകരും കേരളത്തിന്റെ അംബാസിഡർമാരായി പ്രവർത്തിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മൂന്നാമത് ലോക കേരള സഭയുടെ ഭാഗമായി സംഘടിപ്പിച്ച ലോക കേരള മാധ്യമസഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നാടിന്റെ വികസനകാര്യത്തിൽ പ്രവാസി സമൂഹം അതീവതത്പരരാണെന്നു മുഖ്യമന്ത്രി പറഞ്ഞു. വികസിത വികസ്വര രാജ്യങ്ങൾക്കു സമാനമായ വിജ്ഞാനസമൂഹത്തെ സൃഷ്ടിക്കാൻ നിരവധി വികസന പദ്ധതികളാണു കേരളത്തിൽ തുടക്കം കുറിച്ചിട്ടുള്ളത്. കുറഞ്ഞത് 25 വർഷം കൊണ്ട് നടപ്പാക്കാനുള്ള പദ്ധതികളാണ് അവയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോക കേരളസഭ നയസമീപന രേഖ മുഖ്യമന്ത്രിയിൽനിന്നു മാധ്യമ പ്രവർത്തകൻ ശശികുമാർ സ്വീകരിച്ചു. കേരള മീഡിയ അക്കാഡമിയുടെ ഇന്ത്യൻ മീഡിയ പേഴ്‌സൺ പുരസ്‌കാരം പ്രമുഖ മാധ്യമ പ്രവർത്തക ബർഖാ ദത്തിനു മുഖ്യമന്ത്രി സമ്മാനിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങിയതാണു പുരസ്‌ക്കാരം. പ്രവാസി മലയാളികളായ 15 മാധ്യമപ്രവർത്തകർക്കും മുഖമന്ത്രി ഉപഹാരം സമർപ്പിച്ചു. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ കേരള മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ്. ബാബു അധ്യക്ഷത വഹിച്ചു. ജോൺ ബ്രിട്ടാസ് എം.പി, നോർക്ക റൂട്ട്‌സ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ, മുതിർന്ന മാധ്യമപ്രവർത്തകൻ തോമസ് ജേക്കബ്, വെങ്കിടേഷ് രാമകൃഷ്ണൻ, കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.പി. റെജി, രമാ നാഗരാജൻ, കേരള മീഡിയ അക്കാഡമി സെക്രട്ടറി എൻ.പി. സന്തോഷ്, പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം എന്നിവർ പങ്കെടുത്തു.
പരിപാടിയുടെ ഭാഗമായി നവകേരള നിർമിതിയിൽ പ്രവാസി മാധ്യമങ്ങളുടെ പങ്ക് എന്ന വിഷയത്തിൽ ആശയസംവാദം സംഘടിപ്പിച്ചു. പ്രവാസി മാധ്യമ പ്രവർത്തകരായ ഐസക് ജോൺ പട്ടാണിപ്പറമ്പിൽ, ജോസഫ് ജോൺ, ജോസി ജോസഫ്, ധന്യരാജേന്ദ്രൻ, അരുൺ.ടി.കെ, ബിൻസാൽ അബ്ദുൾഖാദർ, സരസ്വതി ചക്രബർത്തി, വി. നന്ദകുമാർ, ലീന രഘുനാഥ്, അരുൺ റാം, സാം പൈലിമൂട്, അഫ്‌സൽ, സിന്ധു ബിജു എന്നിവർ സംവാദത്തിൽ പങ്കെടുത്തു. പി.എം. മനോജ്, പി.പി. ശശീശീന്ദ്രൻ എന്നിവർ മോഡറേറ്റർമാരായിരുന്നു.

സമാപന സമ്മേളനം വ്യവസായ, നിയമവകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. വികസന വാർത്തകൾക്കപ്പുറം വിവാദ വാർത്തകളിലാണ് മാധ്യമങ്ങൾക്കു താത്പര്യമെന്നു മന്ത്രി പറഞ്ഞു. പത്രങ്ങളുടെ എഡിറ്റോറിയയിൽ പോലും ഇപ്പോൾ സത്യസന്ധമായ കാര്യങ്ങൾ ഉൾപ്പെടുത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു അധ്യക്ഷനായി. മാധ്യമപ്രവർത്തകൻ ശശികുമാറിനെക്കുറിച്ചു മീഡിയ അക്കാഡമി നിർമിച്ച അൺമീഡിയേറ്റ് എന്ന ഡോക്യുമെന്ററിയുടെ പ്രദർശനവും നടന്നു.