മലബാർ ക്യാൻസർ സെന്ററിനെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസസ് ആൻഡ് റിസർച്ചായി പ്രഖ്യാപിക്കുവാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സെന്ററിന്റെ പേര് മലബാർ ക്യാൻസർ സെന്റർ (പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസസ് ആന്റ് റിസർച്ച്) എന്ന് പുനർനാമകരണം ചെയ്യും. ക്യാൻസർ ചികിത്സാ രംഗത്തും ഗവേഷണ രംഗത്തും വലിയ വഴിത്തിരിവായി ഇത് മാറും. പിജി ഇൻസ്റ്റിറ്റ്യൂട്ട് എന്ന നിലയിൽ സ്ഥാപനം മുന്നോട്ടു പോകുമ്പോൾ നാഷണൽ മെഡിക്കൽ കമ്മീഷന് കീഴിലുള്ള എംഡി, എംസിഎച്ച്, ഡിഎം തുടങ്ങിയ കോഴ്സുകൾ ആരംഭിക്കുവാൻ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. എംസിസിയെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ആയി ഉയർത്തുന്നതിനായി കിഫ്ബി വഴി നിർമാണ പ്രവർത്തനങ്ങൾക്ക് മാത്രമായി ഒന്നാം ഘട്ടത്തിൽ 80 കോടി രൂപയും രണ്ടാം ഘട്ടത്തിൽ 398 കോടി രൂപയുടെ പദ്ധതികൾക്കും അംഗീകാരം നൽകിയിട്ടുണ്ട്. ഒന്നാംഘട്ട നിർമാണ പ്രവർത്തനങ്ങൾ ഏകദേശം അന്തിമഘട്ടത്തിലാണ്. രണ്ടാം ഘട്ടത്തിന്റെ വികസന പ്രവർത്തനങ്ങൾക്കുള്ള നടപടികൾ നടന്നു വരുന്നു. ഇന്ന് ഏകദേശം 270 ഓളം വിദ്യാർത്ഥികളും ആറ് പിഎച്ച്ഡി ഗവേഷണ വിദ്യാർത്ഥികളും ഈ സ്ഥാപനത്തിൽ പഠനം നടത്തിക്കൊണ്ടിരിക്കുന്നു. ഇതു കൂടാതെ ക്യാൻസർ ചികിത്സാരംഗത്ത് ആവശ്യമായ വിദഗ്ധ മാനവശേഷി നിർമ്മിത കേന്ദ്രമായുള്ള ഒരു സ്ഥാപനമായി ഉയർന്നു വരികയാണ്. നിരവധി ഗവേഷണങ്ങൾ ഈ മേഖലകളിൽ ഇവിടെ നടന്നു വരുന്നു. ഇന്ത്യയിലെ പ്രമുഖ ഗവേഷണ പഠന കേന്ദ്രങ്ങളുമായി സംയുക്ത ഗവേഷണ സംരംഭങ്ങളും നടന്നുവരുന്നു.