പുതിയ കാലത്ത് സമസ്ത മേഖലകളിലും ഐടി വിഭാഗത്തിന്റെ സേവനം അനിവാര്യമായിരിക്കുകയാണെന്നു ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ഐടി, ഐടി അനുബന്ധ മേഖലയിലെ ജീവനക്കാർക്കും സംരംഭകർക്കുമായി തൊഴിൽ വകുപ്പ് നടപ്പാക്കുന്ന ക്ഷേമ പദ്ധതിയുടെ ഓൺലൈൻ മെമ്പർഷിപ്പ് രജിസ്‌ട്രേഷൻ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സർക്കാർ സംവിധാനങ്ങളും സേവനങ്ങളും ഓൺലൈൻ രീതിയിലേക്കു മാറുന്ന കാലഘട്ടത്തിൽ ഐടി മേഖലയ്ക്കും അവയെ പരിപോഷിപ്പിക്കുന്ന ജീവനക്കാർക്കും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ടെന്നും മന്ത്രി സൂചിപ്പിച്ചു.

ഐടി മേഖലയിലും ഐടി അനുബന്ധ മേഖലയിലും ജോലി ചെയ്യുന്നവർക്കും സംരംഭകർക്കുമായി സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച ബൃഹത് പദ്ധതിയാണ് ഐ.ടി, ഐടി അനുബന്ധ മേഖലയിലെ ജീവനക്കാരുടേയും സംരംഭകരുടേയും ക്ഷേമപദ്ധതി. ഐടി മേഖലയ്ക്കായി രാജ്യത്ത് ഇത്തരത്തിൽ ആവിഷ്‌കരിക്കുന്ന ആദ്യ പദ്ധതിയാണിത്. കേരള ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് തൊഴിലാളി ക്ഷേമനിധി ബോർഡനാണു പദ്ധതിയുടെ പ്രവർത്തന ചുമതല. 18നും 55നും ഇടയിൽ പ്രായമുള്ള ഐടി, ഐടി അനുബന്ധ മേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കും സംരംഭകർക്കും പദ്ധതിയിൽ അംഗമാകാം. ലേബർ കമ്മിഷണറേറ്റ് വികസിപ്പിച്ചെടുത്ത അഡ്വാൻസ്ഡ് ഇൻഫർമേഷൻ ഇന്റർഫേസ് സിസ്റ്റം(എഐഐഎസ്) വഴി ഓൺലൈനായി അംഗത്വത്തിന് അപേക്ഷിക്കാം. തൊഴിലാളി വിഹിതമായി 100 രൂപയും സംരംഭകന്റെ വിഹിതമായി 100 രൂപയും ചേർത്ത് പ്രതിമാസം 200 രൂപ ഒരു തൊഴിലാളിക്ക് അംശദായം അടയ്ക്കണം. സംരംഭകനാണ് അംഗമാകുന്നെങ്കിൽ 200 രൂപയാണ് അംശദായം. പെൻഷൻ, കുടുംബ പെൻഷൻ, വിവാഹ ആനുകൂല്യം, പ്രസവ ആനുകൂല്യം, വിദ്യാഭ്യാസ ആനുകൂല്യം തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി ലഭിക്കും.

പാളയം ഹസൻ മരയ്ക്കാർ ഹാളിൽ നടന്ന ചടങ്ങിൽ കേരള ഷോപ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ രാജഗോപാൽ, ആർ ചന്ദ്രശേഖരൻ, പി.എസ്. മധുസൂദനൻ, വിനീത് ചന്ദ്രൻ, കേരള ഷോപ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി ബോർഡ് ഡയറക്ടർമാരായ പി സജി, ജി.ആർ. രാജീവ് കൃഷ്ണൻ, തൊഴിൽ വകുപ്പ് അഡിഷണൽ സെക്രട്ടറി ഡി. ലാൽ, നിയമവകുപ്പ് അഡിഷണൽ സെക്രട്ടറി എൻ. ജീവൻ, അഡിഷണൽ ലേബർ കമ്മീഷണർ രഞ്ജിത്ത് പി. മനോഹർ , ധനകാര്യവകുപ്പ് ബോർഡ് ഡയറക്ടർ ബിനു എം. സയണി എന്നിവർ പങ്കെടുത്തു.