ദീർഘയാത്രക്കിടയിൽ ക്ഷീണമകറ്റാൻ ഇരിണാവിലൊരുങ്ങുന്നു ഒരു തണ്ണീർപ്പന്തൽ. പിലാത്തറ – പാപ്പിനിശ്ശേരി കെ എസ് ടി പി റോഡ് യാത്രക്കിടയിൽ വിശ്രമിക്കാനായി ഇരിണാവിലാണ് തണ്ണീർ പന്തൽ ഒരുങ്ങുന്നത്. കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് 2021- 22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇരുനില കെട്ടിടം നിർമിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ടേക്ക് എ ബ്രേക്ക് മാതൃകയിലുള്ള  തണ്ണീർ പന്തൽ ഒരുങ്ങുക.  25 ലക്ഷം രൂപ വക ഇരുത്തിയാണ് പ്രവൃത്തി. കെട്ടിടത്തിൻ്റെ നിർമാണ പ്രവൃത്തികളാണ് നടന്നുകൊണ്ടിരിക്കുന്നത്.
കഫെറ്റീരിയ, ഡൈനിങ്ങ് ഏരിയ,സ്ത്രീകൾക്കും പുരുഷന്മാർക്കും ആയി ഓരോ വാഷ് ഏരിയ, രണ്ട് വീതം ടോയ്‌ലറ്റ് എന്നിവയും ഒരുക്കും. കൂടാതെ റെസ്റ്റോറന്റ്,ബാത് അറ്റാച്ച്ഡ് സൗകര്യം ഉള്ള  വിശ്രമകേന്ദ്രം എന്നിവയും ഒരുങ്ങുന്നു. ദീർഘദൂര യാത്രക്കാർക്ക് ഈ സൗകര്യങ്ങൾ ഏറെ ആശ്വാസമാകും. കെ എസ് ടി പി റോഡിലെ അപകട സാധ്യതകൾ കുറക്കുകയും ദീർഘദൂര യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുകയുമാണ് ലക്ഷ്യമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിർ പറയുന്നു.
യാത്രക്കാർക്ക് മികച്ച ശുചിത്വ സൗകര്യങ്ങളും ഭക്ഷണം സൗകര്യങ്ങളും ഉറപ്പുവരുത്തും.  അതോടൊപ്പം കഫെറ്റീരിയ സൗകര്യം ഒരുക്കാൻ സംരംഭകർക്ക്  അവസരവും നൽകും. അത്യാവശ്യ ഘട്ടത്തിൽ യാത്ര കാർക്ക് താമസ സൗകര്യം ഉറപ്പു വരുത്തുവാനും ബ്ലോക്ക് പഞ്ചായത്ത് ആലോചിക്കുന്നുണ്ട്. ആകെ 70 ലക്ഷം രൂപയാണ് തണ്ണീർ പന്തലിൻ്റ നിർമാണ ചെലവ്.