തിരുവനന്തപുരം: മലയാള ഭാഷ പഠിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മലയാളികള്‍ക്കിടയില്‍ അവബോധമുണ്ടാക്കുകയാണ് ആദ്യം വേണ്ടതെന്നും അതിനുള്ള ശ്രമങ്ങള്‍ നടത്താന്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഇടപെടല്‍ ആവശ്യമെന്നും സാംസ്‌കാരിക-യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍. ഭാഷയെ പരിപോഷിപ്പിക്കുക മാത്രമല്ല ഭാഷ നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്വം കൂടി  സാംസ്‌കാരിക സംഘടനകള്‍ക്കുണ്ട്. അതിനായി എല്ലാ സംവിധാനങ്ങളെയും ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തില്‍ വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ സംഘടിപ്പിച്ച ദ്വിദിന വൈജ്ഞാനിക സാഹിത്യ ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.ഭരണഭാഷ മലയാളമാക്കിയെങ്കിലും അത് പൂര്‍ണ അര്‍ത്ഥത്തില്‍ നടപ്പാക്കണമെങ്കില്‍ മലയാള ഭാഷയെ ജനകീയമാക്കണം. അല്ലെങ്കില്‍ ഭാഷകൊണ്ട് ഒരു പ്രയോജനവുമുണ്ടാകില്ല.  ധാരാളം പുസ്തകങ്ങളാണ് ഓരോ വര്‍ഷവും അച്ചടിച്ചിറക്കുന്നത്. എന്നാല്‍ അതിന്റെയൊന്നും ഉള്ളടക്കങ്ങള്‍ പൊതുജനങ്ങളിലേക്കെത്തുന്നില്ല. വലിയ പുസ്തകങ്ങള്‍ വായിക്കാന്‍ ആളുകള്‍ക്ക് സമയം കണ്ടെത്താനാകാത്തതാണ് കാരണം. പുസ്തകങ്ങളിലെ ഉള്ളടക്കങ്ങള്‍ ലഘുലേഖകള്‍ പോലെ ജനങ്ങളിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തണമെന്നും മന്ത്രി പറഞ്ഞു.

ശ്രീവൃന്ദാനായര്‍.എന്‍ രചിച്ച ‘വിദ്യാഭ്യാസ മനശാസ്ത്രം : സിദ്ധാന്തങ്ങളും പ്രയോഗങ്ങളും’ എന്ന പുസ്തകവും ശ്രീകല ചിങ്ങോലിയുടെ’ അടയാളങ്ങള്‍ ഉള്ള വഴി’ എന്ന കവിതാസമാഹരവും ചടങ്ങില്‍ മന്ത്രി പ്രകാശനം ചെയ്തു. സമീപനരേഖയുടെ അവതരണവും ഇതോടൊപ്പം നടന്നു.

വി.കെ പ്രശാന്ത് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ.പി.എസ് ശ്രീകല, അസിസ്റ്റന്റ് ഡയക്ടര്‍ ഡോ.പ്രിയ വര്‍ഗീസ്, ശില്പശാലാ ഡയറക്ടര്‍ കെ.കെ കൃഷ്ണകുമാര്‍ തുടങ്ങിയവരും പങ്കെടുത്തു. ശില്പശാലയുടെ സമാപന സമ്മേളനം ഇന്ന്(ജൂണ്‍ 16) വൈകിട്ട് 5.30 ന് സ്പീക്കര്‍ എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യും.