99.77 ശതമാനം വിജയം 
എസ്എസ്എൽസി പരീക്ഷയിൽ ഇത്തവണയും റവന്യൂ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടി കണ്ണൂർ ജില്ല. 99.77 ശതമാനമാണ് വിജയം. ജില്ലയിലെ 212 സ്‌കൂളുകളിൽ 167 സ്കൂളുകൾ നൂറ് ശതമാനം വിജയം കൈവരിച്ചു. ആകെ 35,249 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 35,167 വിദ്യാർത്ഥികൾ  ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. 4158 വിദ്യാർഥികൾ എല്ലാ വിഷയത്തിലും എ പ്ലസ് നേടി.
തുടർച്ചയായ രണ്ടാം വർഷവും നേടിയ വിജയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യയുടെ നേതൃത്വത്തിൽ ലഡു വിതരണം ചെയ്തു ആഘോഷിച്ചു.
 കണ്ണൂർ ജില്ലയിലെ വിജയ ശതമാനം ഉയർത്തുന്നതിന് വേണ്ടി ജില്ലാ പഞ്ചായത്ത് മുഖാന്തിരം, കണ്ണൂർ ഡയറ്റ് സ്റ്റെപ്സ് എന്ന പേരിൽ പ്രത്യേക പഠന സഹായി തയ്യാറാക്കിയിരുന്നു. മുന്നേറാം ആത്മവിശ്വാസ ത്തോടെ എന്ന പേരിലുള്ള ക്യാമ്പയിൻ പ്രവർത്തനം വിജയ ശതമാനം ഉയർത്തുന്നതിന് സഹായകരമായി. കണ്ണൂർ ജില്ലയുടെ അഭിമാനം ഉയർത്തുന്നതിന് മുന്നിൽ നിന്ന വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും  ഉദ്യോഗസ്ഥരെയും കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ അഭിനന്ദിച്ചു. നവാഗതരെ സ്വീകരിക്കാൻ ജില്ലയിലെ വിദ്യാലയങ്ങൾ സജ്ജമാണെന്നും അധിക ബാച്ചുകൾ വേണ്ട സാഹചര്യത്തിൽ സർക്കാറിനോട് ആവശ്യപ്പെടുമെന്നും പ്രസിഡണ്ട് അറിയിച്ചു.  ജില്ലാ പഞ്ചായത്തിന് മുന്നിൽ നടന്ന അനുമോദന പരിപാടിയിൽ ഡിഡിഇ കെ ബിന്ദു, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് ഇ.എൻ സതീഷ് ബാബു എന്നിവർ പങ്കെടുത്തു.