വനിതാ കര്‍ഷകര്‍ക്ക് സ്ഥിരവരുമാനം ലക്ഷ്യമിട്ടുകൊണ്ട് നടപ്പാക്കുന്ന ‘മുറ്റത്തെ മുല്ല’ പദ്ധതിയുടെ ഉദ്ഘാടനം ഇലകമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂര്യ.ആര്‍ നിര്‍വഹിച്ചു. ലാഭകരമായിവിളവെടുക്കാന്‍ സാധിക്കുന്നതും കാലാവസ്ഥയ്ക്ക് അനുയോജ്യവുമായ കുറ്റിമുല്ല തൈകളാണ് കൃഷിക്കായിവിതരണം ചെയ്തത്. കുറഞ്ഞത് പത്ത് സെന്റ് ഭൂമിയുള്ള വനിതാ കര്‍ഷകര്‍ക്കാണ് ഈ പദ്ധതിവഴിതൈകള്‍ ലഭിക്കുക. 11,573 തൈകള്‍ ഇതിനോടകം വിതരണം ചെയ്തിട്ടുണ്ട്.

പ്ലാന്‍ ഫണ്ടില്‍ നിന്ന് രണ്ട് ലക്ഷത്തിലധികം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. 231 വനിതാ കര്‍ഷകര്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള മാസങ്ങളാണ് കേരളത്തില്‍ മുല്ലത്തൈ നടീലിന് അനുയോജ്യം.

ജൈവകൃഷിരീതിയില്‍ ഗ്രോ ബാഗുകളിലും പറമ്പുകളിലും തഴച്ചു വളരുന്ന മുല്ലപ്പൂക്കള്‍ക്ക് കമ്പോളത്തില്‍ പ്രിയമേറെയാണ്.ഇലകമണ്‍ കൃഷിഭവനില്‍ നടന്ന പരിപാടിയില്‍ വൈസ് പ്രസിഡന്റ് ലൈജുരാജ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, കൃഷിഭവന്‍ ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍, തുടങ്ങിയവരും പങ്കെടുത്തു.