തിരുവനന്തപുരം – പൊന്മുടി റോഡിന്റെ നിര്‍മാണോദ്ഘാടനം നിർവഹിച്ചു

കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ദേശീയപാത ആറ് വരിയായി വികസിപ്പിക്കാനുള്ള നിർമാണ പ്രവർത്തികൾ 2025നുള്ളിൽ പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. തിരുവനന്തപുരം പൊന്മുടി റോഡില്‍ നെടുമങ്ങാട് പഴകുറ്റി മുതല്‍ പൊന്മുടി വരെയുള്ള 37.948 കിലോമീറ്റർ റോഡിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ പാത വികസനത്തിനൊപ്പം കേരളത്തിൻ്റെ സ്വപ്ന പദ്ധതികളായ തീരദേശ പാതയും മലയോര ഹൈവേയും സമയ ബന്ധിതമായി പൂർത്തിയാക്കും. സംസ്ഥാനത്തെ പ്രധാന മലയോര വിനോദ സഞ്ചാര കേന്ദ്രമായ പൊന്മുടിയിലേക്കുള്ള ആധുനിക സംവിധാനത്തിലുള്ള റോഡ് വിനോദസഞ്ചാര മേഖലക്ക് പുത്തനുണര്‍വാകുമെന്നും അദ്ദേഹം പറഞ്ഞു.

കാലാവസ്ഥക്കൊപ്പം തന്നെ നമ്മുടെ റോഡുകളെ തകർക്കുന്ന ചില തെറ്റായ പ്രവണതകൾ ചുരുക്കം ചില കരാറുകാരിൽ നിന്നും ജീവനക്കാരിൽ നിന്നും ഉണ്ടാകുന്നുണ്ട്. റോഡ് വികസനത്തിന് അനുവദിക്കുന്ന തുക മുഴുവൻ ഫലപ്രദമായി വിനിയോഗിക്കാൻ കരാറുകാരും ജീവനക്കാരും ശ്രദ്ധിക്കണം. സമയബന്ധിതമായും ഫലപ്രദമായും നിർമാണം പൂർത്തിയാക്കുന്ന കരാറുകാർക്ക് ഇൻസെൻ്റീവ് നൽകും. നല്ല നിലയിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്ക് പാരിതോഷികം നൽകുന്നത് സർക്കാർ പരിഗണനയിലുണ്ട്. അനാസ്ഥ കാണിക്കുന്ന കരാറുകാരോടും ജീവനക്കാരോടും കർശന നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് 2018ലുണ്ടായ അതിതീവ്രമഴയിലും വെള്ളപ്പൊക്കത്തിലും തകര്‍ന്ന റോഡുകള്‍ പുനര്‍നിര്‍മിക്കാനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന റീബിൽ ഡ് കേരള ഇനിഷ്യേറ്റീവ് പാക്കേജ് പ്രകാരമാണ് റോഡിന്റെ നിര്‍മാണം. നെടുമങ്ങാട്, അരുവിക്കര, വാമനപുരം നിയമസഭാ മണ്ഡലങ്ങളിലൂടെ കടന്ന് പോകുന്ന റോഡിന്റെ നിര്‍മാണച്ചെലവ് 167.69 കോടിയാണ്. സംസ്ഥാന ഹൈവേ രണ്ട്, 45 എന്നിവ ഉള്‍പ്പെടുന്ന റോഡിന്റെ 21.03 കിലോമീറ്റര്‍ ദൂരം 10 മുതല്‍ 12 മീറ്റര്‍ വീതിയിലുള്ള ടാറിംഗും 15.6 കിലോമീറ്റര്‍ ദൂരം 5.5 മീറ്റര്‍ വീതിയിലുമാണ് നിര്‍മിക്കുന്നത്.

ഭൂമി ഏറ്റെടുക്കല്‍ ഇല്ലാതെയുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുക. പുതുതായി അഞ്ച് കലുങ്കുകള്‍ നിര്‍മിക്കും. 47 കലുങ്കുകള്‍ പുനര്‍നിര്‍മിക്കുകയും 10 എണ്ണം വീതികൂട്ടുകയും ചെയ്യും. ഉയര്‍ന്ന ഭാഗങ്ങളില്‍ മണ്ണിടിയുന്നത് തടയാനായി സംരക്ഷണ ഭിത്തി, റിറ്റെയിനിംഗ് വോള്‍, പാലങ്ങളുടെ നവീകരണം, വനാതിര്‍ത്തി വരെ റോഡിന് ഇരുവശവും ഓടനിര്‍മ്മാണം, വനം ഉള്‍പ്പെടുന്ന ഭാഗത്ത് ഐറിഷ് ഡ്രെയിന്‍ എന്നിവയുമുണ്ടാകും. കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് പ്രോജക്ടിന്റെ (കെ.എസ്.ടി.പി) പൊതുമരാമത്ത് റോഡ് വിഭാഗത്തിനാണ് നിര്‍മാണ ചുമതല. രണ്ട് വര്‍ഷമാണ് നിര്‍മാണ കാലാവധി. അഞ്ച് വര്‍ഷത്തെ പരിപാലന ചുമതലയും നിര്‍മാണ കമ്പനിയില്‍ നിക്ഷിപ്തമാണ്.

തൊളിക്കോട് ജംഗ്ഷനില്‍ നടന്ന ചടങ്ങില്‍ ജി.സ്റ്റീഫന്‍ എം.എല്‍.എ അദ്ധ്യക്ഷനായി. അടൂര്‍ പ്രകാശ് എം.പി, ഡി.കെ.മുരളി എം.എല്‍.എ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവരും പങ്കെടുത്തു.