ദേശീയ വയോജന ആരോഗ്യപരിപാലന പരിപാടിയുടെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും (ആരോഗ്യം) – ആരോഗ്യ കേരളം തൃശൂരിന്റെയും സംയുക്താഭിമുഖ്യത്തില്‍ തയ്യാറാക്കിയ നാനോ ഫിലിം – അകക്കണ്ണിന്റെ പ്രകാശന കര്‍മ്മം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പ്രേമകുമാര്‍ കെ ടി നിര്‍വ്വഹിച്ചു. പ്രായമായ മാതാപിതാക്കളുടെ സംരക്ഷണം മക്കളുടെ കടമയും കര്‍ത്തവ്യവും ആണ് എന്ന സന്ദേശത്തെ ആസ്പദമാക്കിയാണ് ഫിലിം തയ്യാറാക്കിയിട്ടുള്ളത്. ലോകം മുതിര്‍ന്ന പൗരന്‍മാരോടുള്ള അധിക്ഷേപ നിരോധന ബോധവല്‍ക്കരണ ദിനമായി ആചരിക്കുന്ന ജൂണ്‍ 15 തന്നെ ഫിലിം പ്രകാശനം ചെയ്യാനായി തിരഞ്ഞെടുക്കുകയായിരുന്നു. സിബി പോട്ടോര്‍ ആണ് ഈ ഫിലിം ജില്ലാ ആരോഗ്യവകുപ്പിന് വേണ്ടി തയ്യാറാക്കി നല്‍കിയത്.

തൃശൂര്‍ സെന്റ് തോമസ് കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഫാദര്‍ ഡോ.മാര്‍ട്ടിന്‍ കെ എ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ. ഡോ.സതീഷ് കെ എന്‍ വിഷയാവതരണം നടത്തി. ടെക്‌നിക്കല്‍ അസിസ്റ്റന്റ് പി കെ രാജു ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ രഞ്ജിത്ത് വര്‍ഗ്ഗീസ് സ്വാഗതം ആശംസിച്ച ചടങ്ങിന് ജില്ലാ എഡ്യൂക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ ഹരിതാദേവി ടി.എ നന്ദി പ്രകാശിപ്പിച്ചു. നാനോ ഫിലിം പൊതുജനങ്ങള്‍ക്ക് കാണുന്നതിനായി ജില്ലാ ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലും യുട്യൂബ് ചാനലിലും ലഭ്യമായിരിക്കും.