വയോജന ക്ഷേമ രംഗത്ത് ശ്രേഷ്ഠ മാതൃകകൾ കാഴ്ച വച്ച പഞ്ചായത്തിനുള്ള സംസ്ഥാന സർക്കാരിൻ്റെ വയോ സേവന പുരസ്കാരം ഏറ്റുവാങ്ങി അരിമ്പൂർ ഗ്രാമ പഞ്ചായത്ത്. വയോ സൗഹൃദ ഗ്രാമപഞ്ചായത്ത് എന്ന ആശയത്തിൽ അധിഷ്ഠിതമായി പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കിയതിലൂടെയാണ് നേട്ടം സ്വന്തമായത്. തിരുവനന്തപുരത്ത് നടന്ന പുരസ്കാര ചടങ്ങിൽ പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയിൽ നിന്ന് അരിമ്പൂർ പഞ്ചായത്ത് പ്രസിഡൻ്റ് സ്മിത അജയകുമാർ പുരസ്കാരം ഏറ്റുവാങ്ങി.

പഞ്ചായത്തിലെ 17 വാർഡുകളിലും വയോജന ക്ലബുകൾ ആരംഭിച്ചാണ് വയോജന ക്ഷേമ പ്രവർത്തനങ്ങൾക്ക് പഞ്ചായത്ത് തുടക്കമിട്ടത്. കൂടാതെ കുടുംബശ്രീ കേന്ദ്രീകരിച്ച് 21 വയോജന അയൽക്കൂട്ടങ്ങൾ, സുമിത്ര സംഘടന എന്നിവ പഞ്ചായത്തിലെ ഏറെ ശ്രദ്ധേയമായ വയോജന പ്രവർത്തനങ്ങളാണ്.

എല്ലാ മാസവും വയോജനങ്ങളുടെ യോഗം ചേരുകയും ആക്ഷൻ പ്ലാൻ തയ്യാറാക്കി പ്രവർത്തിക്കുകയും ചെയ്തതിലൂടെ കൂടുതൽ പ്രവർത്തനങ്ങൾ നടത്താൻ പഞ്ചായത്തിന് കഴിഞ്ഞു. അതിൻ്റെ ഭാഗമായി വയോജന ഗ്രാമസഭകളും വയോജനങ്ങൾക്ക് മാത്രമായി വികസന സെമിനാറും നടത്തി. സെമിനാറിൽ ഉരുത്തിരിഞ്ഞ ആശയം ക്രോഡീകരിച്ച് സംസ്ഥാനത്ത് ആദ്യമായി വയോജനങൾക്കായി വികസന രേഖ തയ്യാറാക്കാനും അരിമ്പൂർ പഞ്ചായത്തിന് സാധിച്ചു.

അങ്കണവാടികൾ കേന്ദ്രീകരിച്ച് നടത്തുന്ന ജാഗ്രതാ സമിതിയുടെ പ്രവർത്തനമാണ് മറ്റൊന്ന്. പഞ്ചായത്തിന് കീഴിലുള്ള ആശുപത്രികൾ വയോജന സൗഹൃദ്ധമാക്കി മാറ്റിയതിലൂടെ വയോജനങ്ങളുടെ ആരോഗ്യ പരിരക്ഷയിലും ശ്രദ്ധ നൽകാൻ പഞ്ചായത്തിന് സാധിച്ചു. പാലിയേറ്റീവ് സംവിധാനം മികച്ചതാക്കി. കോവിഡ് കാലത്തും ശ്രദ്ധേയമായ പങ്ക് വഹിക്കാൻ വയോജങ്ങൾക്ക് കഴിഞ്ഞു.

വയോജനങ്ങളുടെ നേതൃത്വത്തിൽ 30 വീടുകൾക്ക് ഒരു കുടുംബശ്രീ പ്രവർത്തകയെ ചാർജ് ഏൽപിച്ച് 702 ക്ലാസുകൾ പഞ്ചായത്തിൽ നടത്തി. വയോജന ജാഗ്രതാ സമിതി വഴി 171ലധികം പരാതികൾ ലഭിക്കുകയും അതിൽ ഭൂരിഭാഗം പരാതികളും തീർപ്പാക്കാനും പഞ്ചായത്തിന് കഴിഞ്ഞു. സന്നദ്ധ സംഘടനകളുടെ പിന്തുണയും പഞ്ചായത്തിന് ലഭിക്കുന്നുണ്ട്