സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ തടയാനായി കേരള പോലീസ് ആവിഷ്‌കരിച്ച പദ്ധതിയാണ് വനിതാ സ്വയംപ്രതിരോധ പരിശീലനം. അതിക്രമ സാഹചര്യങ്ങളിൽ സ്വയംസുരക്ഷ ഉറപ്പാക്കാനായി സ്ത്രീകളെയും കുട്ടികളെയും സജ്ജമാക്കാൻ പരിശീലനം നൽകുന്നതാണ് പദ്ധതി. സ്ത്രീകൾക്കും പെൺകുട്ടികൾക്കും പ്രത്യേക പരിശീലനം നൽകുന്നതിനാവശ്യമായ സംവിധാനങ്ങൾ ഒരുക്കിയാണ് പദ്ധതി നടപ്പാക്കുന്നത്.
ഇതുവരെ 5 ലക്ഷത്തിലധികം സ്ത്രീകൾക്ക് പദ്ധതിവഴി പരിശീലനം നൽകിയിട്ടുണ്ട്. രണ്ടുഘട്ടമാണ് സ്വയംപ്രതിരോധ പരിശീലനത്തിനുള്ളത്. ഒന്ന് ശാരീരികമായി എതിരെ വരുന്ന അക്രമിയെ കീഴടക്കാനുള്ള പരിശീലനം, മറ്റൊന്ന് സ്ത്രീസുരക്ഷാ നിയമങ്ങളെകുറിച്ചുള്ള അവബോധം സൃഷ്ടിക്കൽ. സ്ത്രീകളുമായി ബന്ധപ്പെട്ട നിയമം, പൊലീസ് സേവനങ്ങൾ തുടങ്ങിയ വിഷയങ്ങളിലാണ് ക്ലാസ്സുകൾ നൽകുന്നത്. സ്ത്രീകളുടെ മാനസികവും വ്യക്തിത്വവികസനവുമായി ബന്ധപ്പെട്ട വിഷയങ്ങളും പരിശീലന പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
എല്ലാ ജില്ലകളിലും തിരഞ്ഞെടുത്ത വനിതാ പോലീസ് ഉദ്യോഗസ്ഥരാണ് പരിശീലനം നൽകുന്നത്. പ്രത്യേക കേന്ദ്രങ്ങളിൽ നടക്കുന്ന ഈ പരിശീലനം സൗജന്യമാണ്. പരിശീലനം ആഗ്രഹിക്കുന്നവർക്ക് nodalofficer.wsdt.phq@gmail.com ൽ ബന്ധപ്പെടാം.