തിരികെയെത്തുന്ന പ്രവാസികളുടെ നിലനിൽപ്പിന് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പിന്തുണ അനിവാര്യമെന്ന് ‘തിരികെയെത്തിയ പ്രവാസികൾ’ എന്ന വിഷയത്തിൽ മൂന്നാം ലോക കേരളസഭയുടെ ഭാഗമായി നടന്ന മേഖലാ സമ്മേളനത്തിൽ പ്രവാസി സംഘടനാ പ്രതിനിധികൾ അഭിപ്രായപ്പെട്ടു.
തിരികെയെത്തിയ പ്രവാസികളുടെ പുനരധിവാസം കേന്ദ്ര സർക്കാർ ഏറ്റെടുക്കണം. പ്രവാസികളിൽ നിന്നും 82 മില്യൺ ഡോളർ തുക കേരളത്തിലെത്തിയെന്ന് പറയുന്നുണ്ടെങ്കിലും അതിന്റെ ഗുണം പ്രവാസികൾക്ക് ലഭിച്ചിട്ടില്ല. കേരള പ്രവാസി ക്ഷേമനിധിയിൽ തൊഴിലുടമകൾ ഉൾപ്പെട്ടിട്ടില്ല. ആ വിഹിതം കേന്ദ്രസർക്കാർ അടയ്ക്കണം. ‘സാന്ത്വനം’ പദ്ധതി വഴി ഒറ്റത്തവണയേ ധനസഹായം ലഭിക്കൂ എന്ന നിബന്ധന എടുത്തുകളയണം. കുടുംബശ്രീ മാതൃകയിൽ പ്രവാസി മിഷൻ രൂപീകരിക്കണം. പ്രവാസി ഗ്രാമസഭ വിളിച്ചു ചേർക്കാം. കോവിഡ് കാരണം മടങ്ങിയെത്തിയവർക്കുള്ള ‘പ്രവാസിഭദ്രത’ വായ്പ എല്ലാ പ്രവാസികൾക്കും ലഭ്യമാക്കണം. പ്രവാസി വായ്പ 60 വയസ്സു കഴിഞ്ഞവർക്കും നൽകണം. പ്രവാസി ക്ഷേമ സംഘങ്ങളുടെ രജിസ്ട്രേഷൻ പ്രവാസികാര്യ വകുപ്പു വഴി നടപ്പാക്കണം. വിദേശ രാജ്യങ്ങളിൽ നിന്നു മടങ്ങിയെത്തുന്നവർക്ക് ഇതര സംസ്ഥാനങ്ങളിൽ തൊഴിലവസരം ഒരുക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ടിൽ നിന്നും തുക നീക്കിവെച്ച് ആ പ്രദേശത്തിൽ ഉൾപ്പെടുന്ന പ്രവാസികൾക്ക് പെൻഷൻ നൽകാൻ വഴിയൊരുക്കണമെന്നും ആവശ്യമുയർന്നു.
ഷിപ്പിങ്, കാർഗോ മുതലായ മേഖലകളിൽ പ്രവാസി വിഭവശേഷി ഉപയോഗപ്പെടുത്തണം. തദ്ദേശ സ്വയംഭരണ സ്ഥാപന അടിസ്ഥാനത്തിൽ ലേബർ ബാങ്ക് ഉണ്ടാക്കണം. ത്രിതല പഞ്ചായത്തുകളിൽ പ്രവാസികൾക്കായി സ്റ്റാൻഡിങ് കമ്മിറ്റി വേണം. പാസ്പോർട്ട് ഫീസിനത്തിൽ നൽകുന്ന തുകയിൽ നിന്നും ഇൻസെന്റീവ് നൽകാൻ വഴിയൊരുക്കാം. പ്രവാസികളുടെ രക്ഷിതാക്കളിൽ ഒറ്റയ്ക്കു താമസിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കാൻ വിദേശ രാജ്യങ്ങളിലേതു പോലെ ‘കെയർ എക്കണോമി’ സംവിധാനം നടപ്പാക്കണം. സംസ്ഥാന സഹകരണ വകുപ്പിനു കീഴിൽ പ്രവാസി ഫെഡ് രൂപീകരിച്ച് വിവിധ പ്രൊജക്ടുകളിൽ നിക്ഷേപകരെ കണ്ടെത്തി സിയാൽ മാതൃകയിൽ നിക്ഷേപം സമാഹരിക്കണം. വ്യവസായ വകുപ്പുമായി ചേർന്ന് സൂക്ഷ്മ – ചെറുകിട സംരഭ രീതിയിൽ സംയുക്തമായ സംവിധാനം ഉണ്ടാകണം. വിദേശത്ത് ജോലിക്കു പോകുന്നവരുടെ കണക്ക് ഫിലിപ്പൈൻസ് മാതൃകയിൽ വിസ അടിസ്ഥാനമാക്കി സംസ്ഥാന സർക്കാർ സൂക്ഷിക്കണം. പ്രവാസികൾക്ക് ആരോഗ്യ ഇൻഷൂറൻസ് കാർഡ് നൽകണം. പ്രവാസി പുനരധിവാസ ബോർഡ് രൂപീകരിക്കണമെന്നും കേരള പി എസ് സി ജോലികളിൽ സംവരണം ഏർപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
മന്ത്രിമാരായ വി.ശിവൻകുട്ടി, അഹമ്മദ് ദേവർ കോവിൽ എന്നിവർ ചർച്ചയ്ക്ക് നേതൃത്വം നൽകി.