ലോകത്തെ വിവിധ തൊഴിൽ മേഖലകളിൽ ജോലി ഉറപ്പാക്കുന്നതിന് ആവശ്യമായ പരിശീലനം കേരളത്തിലെ യുവതീയുവാക്കൾക്ക് ഉറപ്പാക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. നൈപുണ്യം, ഭാഷ, ആശയവിനിമയ ശേഷി എന്നിവയിൽ ഇവർക്ക് വേണ്ട പരിശീലനം നൽകും. 20 ലക്ഷം പേർക്ക് തൊഴിൽ നൽകുകയാണ് സർക്കാരിന്റെ പ്രഖ്യാപിത പദ്ധതി. ഇതിനാവശ്യമായ പ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു. വൈജ്ഞാനിക സമ്പദ്വ്യവസ്ഥയുടെ രൂപീകരണത്തിൽ പ്രവാസികളുടെ പങ്ക് എന്ന വിഷയത്തിൽ ലോകകേരള സഭയുടെ ഭാഗമായി നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദേശ രാജ്യങ്ങളിൽ ഭാവിയിൽ ഉണ്ടായേക്കാവുന്ന തൊഴിൽ മുൻകൂട്ടിക്കണ്ട് അതിനാവശ്യമായ പരിശീലനം നൽകുന്നതിനുള്ള നയം ഇപ്പോൾ തന്നെ രൂപീകരിക്കണമെന്ന് ചർച്ചയിൽ അഭിപ്രായമുയർന്നു. വിദേശ തൊഴിൽ മേഖലയിൽ അവസരങ്ങൾക്ക് നൈപുണ്യ ശേഷി പ്രധാനമാണ്. ടൂറിസം, വിദ്യാഭ്യാസ മേഖലകളിലെ തൊഴിൽ സാധ്യതകൾ വർധിപ്പിക്കണം. വിദേശ സർവകലാശാലകളുടെ കോഴ്സുകൾ ഇവിടെ ആരംഭിക്കണം. ഒരു ലക്ഷം തൊഴിൽ സംരംഭം എന്ന ലക്ഷ്യത്തിലെത്താൻ വിദേശ രാജ്യങ്ങളിൽ ശിൽപശാലകൾ സംഘടിപ്പിക്കണം. പ്രവാസി സംരംഭങ്ങൾക്കായി താലൂക്ക് അടിസ്ഥാനത്തിൽ സൊസൈറ്റി രൂപീകരിക്കണം. ഇംഗ്ളീഷ് പഠനത്തിന്റെ പ്രാധാന്യം ചർച്ചയിൽ പങ്കെടുത്തവർ എടുത്തുപറഞ്ഞു.
മറ്റു രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെ ഇവിടേക്ക് ആകർഷിക്കാൻ ആവശ്യമായ നടപടികളുണ്ടാവണം. വിദ്യാർത്ഥികൾക്ക് വ്യവസായ പരിശീലനം ഉറപ്പാക്കണമെന്നും ചർച്ചയിൽ അഭിപ്രായമുണ്ടായി. മന്ത്രിമാരായ പി. പ്രസാദ്, അഹമ്മദ് ദേവർകോവിൽ, എം. എൽ. എമാർ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.