വാർധക്യത്തിലെ അനാഥത്വത്തിന് പരിഹാരം വേണമെന്ന ആവശ്യമായിരുന്നു ലോക കേരള സഭയിൽ പങ്കെടുത്ത ചിക്കാഗോയിൽ താമസിക്കുന്ന ഡോ.എം. അനിരുദ്ധൻ മുന്നോട്ടുവച്ചത്. വാർധക്യത്തിൽ എത്തുന്നവരെ അനാഥാലയങ്ങളിൽ എത്തിക്കുന്ന പ്രവണത മലയാളി പ്രവാസികൾക്കിടയിൽ വർധിക്കുകയാണ്. മക്കളുടെ ജോലിത്തിരക്കുകളും മറ്റ് അസൗകര്യങ്ങളും പ്രധാന കാരണങ്ങളാണ്. അനാഥാലയങ്ങളിൽ എത്തുന്നവരെ പിന്നീടാരും തിരിഞ്ഞു നോക്കാതെ മക്കളുമായുള്ള ബന്ധം തന്നെ വിട്ടു പോകുന്ന അവസ്ഥയാണ്. ഇവർക്ക് നാട്ടിൽ തിരികെയെത്തി സ്വസ്ഥമായി ജീവിക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിൽ സർക്കാർ  മുൻകൈ എടുക്കണമെന്നും ഡോ.അനിരുദ്ധൻ ആവശ്യപ്പെട്ടു. ലോക കേരള സഭയിൽ അമേരിക്കൻ രാജ്യങ്ങളിലെ പ്രവാസി പ്രതിനിധികൾക്കായി സംഘടിപ്പിച്ച ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കൊല്ലം ഓച്ചിറ സ്വദേശിയായ അദ്ദേഹം.
സഹകരണ രജിസ്ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവൻ, സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
കാനഡ തുടങ്ങിയ രാജ്യങ്ങളിലെ ചികിത്സാ ചെലവും ചർച്ചയിൽ വിഷയമായി. ആശുപത്രികളിൽ ശസ്ത്രക്രിയകൾക്കായി ബുക്ക് ചെയ്ത് മാസങ്ങൾ കാത്തിരിക്കേണ്ട അവസ്ഥയുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ നാട്ടിൽ വന്ന് ശസ്ത്രക്രിയ നടത്തി തിരിച്ചു പോകുന്ന സ്ഥിതിയാണ്. ഇങ്ങനെ വരുന്നവർക്ക് ഇൻഷ്വറൻസ് ഉൾപ്പടെയുള്ള സൗകര്യങ്ങൾ ഒരുക്കണമെന്നും ആവശ്യമുയർന്നു.
പ്രവാസികളുടെ നാട്ടിലുള്ള ഭൂസ്വത്തുക്കൾ സംരക്ഷിക്കപ്പെടുന്നില്ലെന്ന പരാതിയുമുണ്ടായി. ആറുലക്ഷത്തിനടുത്ത് മലയാളികൾ കാനഡ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലുണ്ട്. ഇവരുടെ ഭൂസ്വത്തുക്കൾ അന്യാധീനപ്പെട്ട് പോകുന്ന അവസ്ഥയാണിപ്പോൾ. തിരിച്ചെത്തുമ്പോൾ പലർക്കും സമീപവാസികളുമായി കേസ് നടത്തേണ്ട അവസ്ഥയാണ്. വാടകയ്ക്ക് നൽകുന്ന ഭൂമി പോലും തിരിച്ചു കിട്ടുന്നില്ല. പ്രവാസികളുടെ ഭൂസ്വത്തിന് ഉറപ്പു നൽകുന്ന വ്യക്തമായ നിയമം വേണമെന്നും ചർച്ചയിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു.
കെ – റെയിൽ പദ്ധതിയെ സ്വാഗതം ചെയ്യുന്നതായും പ്രവാസികൾ അറിയിച്ചു. പ്രതിപക്ഷവും സർക്കാരും ഒരുമിച്ചിരുന്ന് ചർച്ച ചെയ്ത് തടസങ്ങൾക്ക് പരിഹാരം കണ്ടെത്തണം. അമേരിക്ക, കാനഡ പോലുള്ള രാജ്യങ്ങളിലേക്ക് കുടിയേറുന്ന വിദ്യാർത്ഥികൾക്ക് കൂടുതൽ ബോധവത്കരണം നൽകണമെന്നും പ്രതിനിധികൾ അറിയിച്ചു. പ്രവാസികളുടെ നിയമ പ്രശ്നങ്ങൾ പരിഹരിക്കാൻ ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കണമെന്നും ആവശ്യമുയർന്നു.