കേരളത്തിലെ യൂണിവേഴ്‌സിറ്റികളിൽ അഫ്രിക്കൻ ക്വാട്ട വേണമെന്നും ആവശ്യം
കേരളത്തിൽ മെഡിക്കൽ ടൂറിസത്തിന് വലിയ സാധ്യതയാണ് ഉള്ളതെന്നും കേരള സർക്കാർ അത് പ്രയോജനപ്പെടുത്തണമെന്നും ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ. കേരളത്തിലെ യൂണിവേഴ്‌സിറ്റികളിൽ അടിയന്തരമായി ആഫ്രിക്കൻ ക്വാട്ട അനുവദിക്കണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു. മൂന്നാം ലോകകേരള സഭയുടെ സമ്മേളനത്തോടനുബന്ധിച്ച് നിയമസഭയിൽ സംഘടിപ്പിച്ച ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളുമായുള്ള ചർച്ചയിലാണ് ആവശ്യങ്ങൾ ഉന്നയിച്ചത്.
ആയുർവേദത്തിന് പുറമേ അലോപ്പതിയിലും കേരളത്തിലെ മെഡിക്കൽ ടൂറിസത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തണം. ആഫ്രിക്കയിലെ ടാൻസാനിയ പോലുള്ള രാജ്യങ്ങളിൽ നിന്ന് സമ്പന്നരായ ആളുകൾ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലാണ് ചികിത്സ തേടുന്നത്. അവരെ കേരളത്തിലേക്ക് ആകർഷിക്കുന്നതിന് സംവിധാനം ഒരുക്കമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു. ഉത്തരവാദിത്വ ടൂറിസം രംഗത്ത് കേരളം വളരണമെന്നും ഹോസ്പിറ്റാലിറ്റി മേഖല കാര്യക്ഷമമാക്കണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു.
ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് കേരളത്തിലെ യൂണിവേഴ്‌സിറ്റികളിൽ പഠിക്കാനെത്തുന്ന വിദ്യാർത്ഥികളെ എൻ.ആർ.ഐ ക്വാട്ടയിൽ ഉൾപ്പെടുത്തുന്നതു കാരണം വലിയ ഫീസ് കൊടുക്കേണ്ടി വരുന്നു. അതിനാൽ അടിയന്തര നടപടിയായി ആഫ്രിക്കൻ ക്വാട്ട അനുവദിക്കമണമെന്നും പ്രതിനിധികൾ നിർദ്ദേശിച്ചു.
ആഫ്രിക്കയിലെ മിക്ക രാജ്യങ്ങളിലും വജ്രം ഖനനം ചെയ്യുന്നു. അതിന്റെ മറ്റ് സംസ്‌കരണ കാര്യങ്ങൾക്കായി ഗുജറാത്തിലെ സൂററ്റ് പോലെയുള്ള സ്ഥലങ്ങളിലാണ് എത്തിക്കുന്നത്. കേരളത്തിൽ ഈ മേഖലയിലുള്ള തൊഴിലാളികൾക്ക് ശരിയായ പരിശീലനം നൽകിയാൽ വലിയ ജോലി സാധ്യതയാണ് ഉള്ളത്.
തൃശൂരിൽ നിരവധി പേർ വൈരക്കല്ല് പോളിഷ് ജോലികൾ ചെയ്യുന്നവരാണെന്നും അവർക്ക് കെ സ്‌കിൽ പദ്ധതി വഴി നൈപുണ്യ പരിശീലനം നൽകി ആഫ്രിക്കൻ രാജ്യങ്ങളിലെ ജോലിക്കായി തയ്യാറാക്കാമെന്നും ഉന്നതവിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ആർ.ബിന്ദു മറുപടിയായി പറഞ്ഞു. കേരളത്തിലെ യൂണിവേഴ്‌സിറ്റികളിൽ ആഫ്രിക്കയിൽ നിന്നുള്ള നിരവധി വിദ്യാർത്ഥികൾ പഠിക്കുന്നുണ്ടെന്നും അവർക്ക് പ്രത്യേക ക്വാട്ട അനുവദിക്കുന്ന കാര്യം പരിഗണനയിലാണെന്നും മന്ത്രി അറിയിച്ചു.
ജാതി പത്രിയിൽ നിന്നും മറ്റ് ഉത്പ്പന്നങ്ങളിൽ നിന്നുമുള്ള വൈൻ ഉത്പാദനം കേരളത്തിലെ ചിറ്റൂരിൽ നടന്നുവരുന്നതായി ചർച്ചയിൽ പങ്കെടുത്ത വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. മുന്തിരിയിൽ നിന്നുള്ള വൈൻ ഉത്പാദനത്തിന് കേരളത്തിന്റെ സഹകരണം വേണമെന്ന ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള പ്രതിനിധിയുടെ ആവശ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി. എം. എൽ. എമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.