മൂന്നാം ലോക കേരള സഭയോട് അനുബന്ധിച്ച് നടന്ന മേഖല സമ്മേളനത്തിൽ ഇതര ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രവാസികളുടെ പ്രശ്‌നങ്ങളും ചർച്ചയായി. മന്ത്രിമാരായ ജെ.ചിഞ്ചുറാണി, എ.കെ ശശീന്ദ്രൻ, സജി ചെറിയാൻ, എ.എ റഹീം എംപി തുടങ്ങിയർ മറുനാടൻ മലയാളികളുടെ പ്രശ്‌നങ്ങൾ കേട്ടു. മലയാളം മിഷൻ പ്രവർത്തനങ്ങൾ ജനകീയമാക്കാനും ടൂറിസം മേഖലയിൽ പ്രഗത്ഭരായ പ്രവാസികളെ ഉൾപ്പെടുത്തി സ്ഥിരം കമ്മിറ്റി രൂപീകരിക്കണമെന്നും ആവശ്യമുയർന്നു. വിമാനക്കമ്പനികളുമായി ചർച്ച ചെയ്ത് കൂടുതൽ വിമാന സർവ്വീസുകൾ അനുവദിക്കുന്നത് പ്രവാസികളുടെ യാത്രാക്ലേശത്തിന് പരിഹാരമാകും. കർണ്ണാടക, തമിഴ്‌നാട് മേഖലകളിൽ പ്രധാന നഗരങ്ങളെക്കൂടാതെയുള്ള പ്രദേശങ്ങളിലേക്ക് കൂടി ഗതാഗത സൗകര്യം കേരള സർക്കാർ ഒരുക്കി നൽകണമെന്നും ആവശ്യമുണ്ടായി.
ലോകകേരള സഭ സെക്രട്ടേറിയറ്റിൽ സ്ഥിരമായി ഒരു നോഡൽ ഓഫീസറിനെ അനുവദിച്ചു നൽകിയാൽ ഇതര സംസ്ഥാന പ്രവാസികൾക്ക് കൂടുതൽ സൗകര്യപ്രദമാകും. കേരളത്തിന് പുറത്ത് എത്ര മലയാളികൾ താമസിക്കുന്നുണ്ടെന്നതിനെ കുറിച്ച് വ്യക്തമായ വിവരശേഖരണം നടത്തണം. കഴിഞ്ഞ ലോക കേരള സഭയുമായി ബന്ധപ്പെട്ട് 20 നിർദ്ദേശങ്ങൾ സാംസ്‌കാരിക വകുപ്പിനു മുന്നിലെത്തിയതായി സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ പറഞ്ഞു. കോവിഡ് പ്രതിസന്ധികൾ കാരണം പലതും നടപ്പിലാക്കുന്നതിൽ കാലതാമസമുണ്ടായെങ്കിലും നിർദ്ദേശങ്ങളൊക്കെ നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിലാണ്. മറ്റ് സംസ്ഥാനങ്ങളിൽ സാംസ്‌കാരിക സമുച്ചയങ്ങളുടെ നിർമ്മാണം വകുപ്പിന്റെ പരിഗണനയിലുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ സ്ഥലം അനുവദിച്ചാൽ സാമ്പത്തിക സഹായം നൽകി സമുച്ചയങ്ങൾ നിർമ്മിക്കുന്നത് പരിഗണിക്കും. സാംസ്‌കാരിക വിനിമയ പരിപാടികൾക്ക് നേരിട്ട തടസ്സം പരിഹരിക്കുമെന്ന് മന്ത്രി പറഞ്ഞു.