പ്രവാസവും സാംസ്‌കാരിക വിനിമയ സാധ്യതകളും എന്ന വിഷയത്തിൽ മൂന്നാം ലോക കേരള സഭയിൽ നടന്ന ചർച്ചയിൽ വലിയ സാധ്യതകളാണ് പ്രതിനിധികൾ പങ്കുവെച്ചത്. ഭാഷാ സമ്മേളനങ്ങളും സാംസ്‌കാരിക പരിപാടികളും പ്രവാസ രാജ്യങ്ങളിൽ സംഘടിപ്പിച്ച് ലോകരാജ്യങ്ങൾക്ക് മുന്നിൽ കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യ മികവ് അവതരിപ്പിക്കാനുള്ള സഹായം സർക്കാരിന്റെ ഭാഗത്തു നിന്നു തങ്ങൾക്കുണ്ടാകണമെന്ന് ജർമ്മനി, ഓസ്‌ട്രേലിയ, യുകെ തുടങ്ങിയ രാജ്യങ്ങളിൽ നിന്നെത്തിയ പ്രതിനിധികൾ ആവശ്യപ്പെട്ടു.
സംഗീത, സാഹിത്യ, ഫോക്‌ലോർ സമിതികളിൽ പ്രവാസി സാന്നിധ്യം ഉറപ്പാക്കുന്നതിലൂടെ കേരളത്തിലെ കലാകാരൻമാരെയും കലാരൂപങ്ങളെയും കൂടുതൽ ജനപ്രിയമാക്കാൻ സാധിക്കും. ചില നാടുകളിൽ ഗ്രാമങ്ങളെയും സ്ഥാപനങ്ങളെയും ഏറ്റെടുക്കുന്നത് പോലെ പ്രവാസി സംഘടനകൾക്ക് അഡോപ്റ്റ് എ ആർട്ട് ഫോം എന്ന സംവിധാനം നടപ്പിലാക്കാൻ സാധിച്ചാൽ കേരളത്തിന്റെ പരമ്പരാഗത കലാമേഖലയെ നശിക്കാതെ കൈപിടിച്ചുയർത്താൻ കഴിയുമെന്ന് മുംബൈയിൽ നിന്നെത്തിയ പ്രവാസി പ്രതിനിധി അഭിപ്രായപ്പെട്ടു. കൾച്ചറൽ ടൂറിസത്തിനു പ്രാധാന്യം നൽകി യുനെസ്‌കോയുമായി സഹകരിച്ച് ഒരു കൾച്ചറൽ യൂണിവേഴ്‌സിറ്റി സ്ഥാപിക്കുന്നത് കേരളത്തിനു മുന്നിൽ അനന്തസാധ്യതകൾ തുറന്നിടുമെന്ന് ബിനാലെ ക്യുറേറ്ററും മുംബൈ പ്രവാസിയുമായി ബോസ് കൃഷ്ണമാചാരി സൂചിപ്പിച്ചു.
നമ്മുടെ കലയും സാഹിത്യവും സംസ്‌കാരവും ലോകമെമ്പാടുമുള്ള മലയാളികളിലേക്ക് എത്തിക്കുക എന്നതാണ് സർക്കാരിന്റെ പ്രഥമ ലക്ഷ്യം. ടൂറിസം വകുപ്പുമായി ബന്ധപ്പെട്ട് ചില പദ്ധതികളൊക്കെ സാംസ്‌കാരിക വകുപ്പ് ചർച്ച ചെയ്തിട്ടുണ്ട്. പ്രവാസ ലോകത്തിന്റെ സഹായത്തോടെ കൾച്ചറൽ ടൂറിസം വളർത്തുന്നതിന്റെ നിർദ്ദേശങ്ങൾ കൂടി പരിഗണിക്കുമെന്നും പ്രവാസികൾ നേരിടുന്ന തുല്യതാസർട്ടിഫിക്കറ്റ് പോലുള്ള പ്രശ്‌നങ്ങൾക്ക് അടിയന്തര പരിഹാരം കാണുമെന്നും ചർച്ചയിൽ അധ്യക്ഷത വഹിച്ച സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ വിശദീകരിച്ചു. മന്ത്രിമാരായ മുഹമ്മദ് റിയാസ്, ജി.ആർ അനിൽ, എം.എ ആരിഫ് എംപി, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.