ഗ്രാമീണ മേഖലയിലെ ചെറുകിട സംരംഭകര്‍ക്ക് ഉല്‍പന്നം വില്‍ക്കാനുള്ള അവസരമൊരുക്കി ഐ.ആര്‍.ഡി.പി/ എസ്.ജി.എസ്.വൈ, കുടുംബശ്രീ ഓണം- ബക്രീദ് വിപണന മേള ഓഗസ്റ്റ് 19 മുതല്‍ 23 വരെ പാലക്കാട് കോട്ടമൈതാനത്ത് നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിപണന മേള നടത്തിപ്പിനായുള്ള സംഘാടക സമിതി രൂപവത്ക്കരിച്ചു. എം.പിമാരായ എം.ബി രാജേഷ്, പി. കെ. ബിജു എന്നിവര്‍ മുഖ്യരക്ഷാധികാരികളായും മന്ത്രി എ.കെ ബാലനടക്കം ജില്ലയിലെ 11 എം.എല്‍.എമാര്‍, നഗരസഭാ ചെയര്‍പേഴ്സണ്‍ എന്നിവര്‍ രക്ഷാധികാരികളായി പ്രവര്‍ത്തിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി ചെയര്‍മാനായും ജില്ലാ കലക്ടര്‍ ഡി.ബാലമുരളി ജനറല്‍ കണ്‍വീനറായും പ്രൊജക്ട് ഡയറക്ടര്‍ കെ.പി വേലായുധന്‍ കണ്‍വീനറായും പ്രവര്‍ത്തിക്കും. ഇവര്‍ക്ക് പുറമെ മൂന്ന് ജോയിന്റ് കണ്‍വീനര്‍മാരും സമിതിയിലുണ്ട്. പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി എട്ട് സബ് കമ്മിറ്റികളും രൂപവത്ക്കരിച്ചു.
ജില്ലയിലെ 13 ബ്ലോക്ക് പഞ്ചായത്തുകളുടെ സ്റ്റാളുകളോടൊപ്പം ജില്ലാ സപ്ലൈ ആന്‍ഡ് മാര്‍ക്കറ്റിങ് സൊസൈറ്റിയുടെയും ശുചിത്വ മിഷന്റെയും കുടുംബശ്രീയുടെയും സ്റ്റാളുകളും ഉണ്ടാവും. വിപണന മേളയോടനുബന്ധിച്ച് അഞ്ചു ദിവസങ്ങളിലായി വിവിധ ബ്ലോക്കുകളുടെ ആഭിമുഖ്യത്തില്‍ കലാപരിപാടികളും അരങ്ങേറും. കൂടാതെ പൂക്കളവും ഒരുക്കും. പൂര്‍ണമായും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ച് സമ്പൂര്‍ണ മാലിന്യ മുക്തമായാണ് മേള നടക്കുക. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍മാര്‍, വികസനക്കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.