ജാതിമതഭേദമന്യേ നാനാജാതി മതസ്ഥര്‍ ഒരേ മനസ്സോടെ പങ്കെടുക്കുന്ന പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവം രാജ്യത്തിനാകെ മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊല്ലം അഷ്ടമുടിക്കായലില്‍ ജലോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. രാജ്യാന്തര പ്രശസ്തി നേടിയ ജലോത്സവങ്ങളെ രാജ്യാന്തര വിനോദരൂപമായി ഉയര്‍ത്തിക്കാട്ടാനാകണം. ഇത്തരം മേളകള്‍ വിദേശികളിലേക്കെത്തിക്കാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തു വരികയാണ്. കായല്‍-ഇക്കോ ടൂറിസം മേഖലകളില്‍ വികസനത്തിന്റെ വലിയ കുതിപ്പിന് തയ്യാറെടുക്കുകയുമാണ്. കായലുകളേയും ജലാശയങ്ങളേയും നദികളേയും സംരക്ഷിക്കാന്‍ ഹരിത കേരളം പദ്ധതി നടപ്പിലാക്കി. ജലാശയങ്ങള്‍ സംരക്ഷിക്കുന്നതിന് ജനങ്ങള്‍ മുന്‍കൈയെടുക്കണം. ഈ മേളയ്ക്കാവശ്യമായ എല്ലാ പിന്തുണയും നല്‍കുമെന്നും അഷ്ടമുടി സംരക്ഷണത്തിന് പ്രത്യേക പദ്ധതികള്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വള്ളംകളി കാണുന്നതിനായി ഇവിടെ നിര്‍മ്മിച്ച സ്ഥിരം പവലിയന്‍ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നാടിന് സമര്‍പ്പിച്ചു. തുടര്‍ന്ന് സംസാരിച്ച ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ അഷ്ടമുടിയുടെ സംരക്ഷണമാണ് ഈ ജലോത്സവം നല്‍കുന്ന ഏറ്റവും വലിയ സന്ദേശമെന്ന് പറഞ്ഞു.