മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആദ്യ സംഭാവന ജില്ലാ കോപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍ എം. നാരായണനും ഡയറക്ടര്‍മാരും നല്‍കി മാതൃകയായി. ഒന്നരലക്ഷം രൂപയുടെ ചെക്കാണ് ജില്ലാ കലക്ടര്‍ ഡി. ബാലമുരളിക്ക് കൈമാറിയത്. മറ്റു പൊതുമേഖലാ- സ്വകാര്യ സ്ഥാപനങ്ങള്‍ ഇതൊരു മാതൃകയായി പിന്തുടര്‍ന്ന് കൂടുതല്‍ സംഭാവന ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായി എം. നാരായണന്‍ പറഞ്ഞു. വിവിധ ദിവസങ്ങളിലായി സംസ്ഥാന ഹയര്‍ ഗുഡ്സ് ഓണേഴ്സ് അസോസിയേഷന്‍, പരംവീര്‍ എന്റര്‍പ്രൈസസ്, ഓള്‍ ഇന്ത്യാ എല്‍.പി.ജി ഡിസ്ട്രിബ്യൂട്ടേഴ്സ് എന്നിവര്‍ ഓരോ ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. എല്ലാ പൊതുമേഖലാ- സ്വകാര്യ സ്ഥാപനങ്ങളും പൊതുജനങ്ങളും അകമഴിഞ്ഞ് സംഭാവന നല്‍കണമെന്ന് ജില്ലാ കലക്ടര്‍ ഡി.ബാലമുരളി അഭ്യര്‍ഥിച്ചു. ഈ തുകയ്ക്ക് നികുതിയിളവ് ലഭിക്കുന്നതാണ്. വ്യക്തികളോ സ്ഥാപനങ്ങളോ അയക്കുന്ന സംഭാവനങ്ങള്‍ ഡി.ഡിയായോ ചെക്ക് ആയോ പ്രിന്‍സിപ്പല്‍ സെക്രട്ടറി (ധനകാര്യം), തിരുവനന്തപുരം 1 എന്ന വിലാസത്തില്‍ അയക്കുകയോ കലക്ടറേറ്റില്‍ നേരിട്ട് നല്‍കി രശീതി കൈപ്പറ്റാവുന്നതാണ്.