ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള വിധവകൾ, നിയമപരമായി വിവാഹബന്ധം വേർപ്പെടുത്തിയവർ എന്നിവരുടെ പുനർ വിവാഹത്തിന് സർക്കാർ ധനസഹായം നൽകുന്ന പദ്ധതിയാണ് മംഗല്യ. വനിതാ ശിശുവികസന വകുപ്പ് മുഖേന 2008 മുതൽ സംസ്ഥാനത്ത് നടപ്പാക്കിവരുന്ന പദ്ധതിയിലൂടെ 25000 രൂപ ധനസഹായം നൽകും. ജില്ലാ വനിതാ ശിശുവികസന ഓഫീസർമാർക്കാണ് നിർവഹണ ചുമതല.
അപേക്ഷക ബി.പി.എൽ/ മുൻഗണനാ വിഭാഗത്തിൽപ്പെട്ടതായിരിക്കണം. ഭർത്താവിന്റെ മരണംമൂലം വിധവയാകുകയും നിയമപ്രകാരം വിവാഹ ബന്ധം വേർപെടുത്തിയത് കാരണം വിധവയ്ക്ക് സമാനമായ സാഹചര്യത്തിലുള്ള വനിതകളുമാണ് ഈ പദ്ധതിയുടെ പരിധിയിൽ വരുന്നത്.
പുനർവിവാഹം ബന്ധപ്പെട്ട വിവാഹ രജിസ്ട്രാർ മുമ്പാകെ രജിസ്റ്റർ ചെയ്ത് സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കണം. പുനർവിവാഹം നടന്ന് ആറ് മാസത്തിനകം അപേക്ഷ സമർപ്പിച്ചിരിക്കണം.18നും 50നും മധ്യേ പ്രായമുള്ള വിധവകളുടെ പുനർവിവാഹത്തിനാണ് ധനസഹായം അനുവദിക്കുന്നത്.
ആദ്യ വിവാഹത്തിലെ ഭർത്താവിന്റെ മരണ സർട്ടിഫിക്കറ്റ്/ വിവാഹബന്ധം വേർപെടുത്തിയത് സംബന്ധിച്ച കോടതി ഉത്തരവ്, ബി.പി.എൽ/ മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെട്ടത് സംബന്ധിച്ച രേഖ(റേഷൻ കാർഡിന്റെ കോപ്പി) സാക്ഷ്യപ്പെടുത്തിയത്, അപേക്ഷകയുടെ ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ്, പുനർ വിവാഹം രജിസ്റ്റർ ചെയ്തതു സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ജില്ലാ വനിതാ ശിശുവികസന ഓഫീസർക്ക് അപേക്ഷ സമർപ്പിക്കണം.
www.schemes.wcd.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് വനിതാ ശിശുവികസന വകുപ്പുമായി ബന്ധപ്പെടണം. .2020-2021 സാമ്പത്തിക വർഷത്തിൽ മംഗല്യ പദ്ധതിക്കായി സർക്കാർ 61,00,000 രൂപ ചെലവഴിച്ചിട്ടുണ്ട്.