അയൺ സ്‌ക്രാപ്പിന്റെ (ആക്രി) മറവിൽ വ്യാജ ബില്ലുകൾ ചമച്ച് കോടിക്കണക്കിന് രൂപയുടെ ഇൻപുട്ട് ടാക്‌സ്  തട്ടിയെടുത്ത സംഘത്തിന്റെ  ആസൂത്രകർ ആണെന്ന വിവരം ലഭിച്ച പെരുമ്പാവൂർ സ്വദേശികളായ രണ്ടുപേരുടെയും അവരുടെ അനുയായികളായ മറ്റു രണ്ടുപേരുടെയും വസതികളിൽ  സ്റ്റേറ്റ് ജി.എസ്.ടി. വകുപ്പ് (ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ച്) സായുധ പോലീസിന്റെ സഹായത്തോടെ (കെ.എ.പി ബറ്റാലിയന് – 1,  തൃപ്പുണിത്തറ) സെർച്ച് നടത്തി. നികുതി വെട്ടിപ്പു സംഘത്തിനു ഹവാല ലഹരിമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന രഹസ്യവിവരത്തിന്റ അടിസ്ഥാനത്തിലാണ് പരിശോധനയ്ക്കു  സായുധ പോലീസിന്റെ സഹായം തേടിയത്.

ആക്രിയുടെ മറവിൽ വൻ നികുതി വെട്ടിപ്പ് നടക്കുന്നു എന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ  സ്റ്റേറ്റ് ടാക്‌സ് ഓഫീസർ  (ഐ.ബി.) കോട്ടയം സി. ജി. അരവിന്ദിന്റെ നേതൃത്വത്തിൽ  സ്റ്റേറ്റ് ജി.എസ്.ടി. വകുപ്പിന്റെ ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ചിന്റെ 8 യൂണിറ്റുകൾ  പെരുമ്പാവൂരിലും പരിസര പ്രദേശങ്ങളിലുമായി 12 സ്ഥലങ്ങളിൽ  പരിശോധന നടത്തുകയും പത്തോളം വ്യാപാരികളിൽ നിന്ന് മൊഴിയെടുക്കുകയും ചെയ്തിരുന്നു. പെരുമ്പാവൂർ സ്വദേശികളായ അസർ അലി, റിൻഷാദ് എന്നിവരാണ് തട്ടിപ്പിന് പിന്നിലെന്ന് മനസിലായിരുന്നു. ഇവർക്ക് പല തവണ സമൺസ് നൽകിയെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ മൊഴി നൽകാൻ ഹാജരായില്ല. തുടർന്നാണ് തിങ്കളാഴ്ച പുലർച്ചെ നാലിന് മണിക്ക് പെരുമ്പാവൂരിലുള്ള ഇവരുടെ വസതികളിൽ  സായുധ പോലീസിന്റെ സഹായത്തോടെ പരിശേധന  നടത്തിയത്. നികുതിവെട്ടിപ്പ്  സംബന്ധിച്ച ചില രേഖകളും തെളിവുകൾ  അടങ്ങുന്ന അഞ്ചോളം മൊബൈൽ  ഫോണുകളും അന്വേഷണ സംഘം പിടിച്ചെടുത്തു.

ഏകദേശം 125 കോടി രൂപയുടെ വ്യാജ ബില്ലുണ്ടാക്കി ഈ സംഘം നികുതി വെട്ടിപ്പ്  നടത്തിയതായും അതുവഴി 13 കോടി രൂപയോളം നികുതി വെട്ടിപ്പ് നടത്തിയതായുമാണ്  അന്വേഷണത്തിൽ വ്യക്തമായത്. വ്യാജ രജിസ്‌ട്രേഷൻ എടുക്കാൻ കൂട്ടുനിൽക്കുകയും അതിനുവേണ്ട സഹായം നൽകുകയും ചെയ്യുന്ന മുഴുവൻ പേർക്കെതിരേയും ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് സംസ്ഥാന ജി.എസ്.ടി കമ്മിഷണർ അറിയിച്ചു.

സായുധ പോലീസ് സഹായത്തോടെ സംസ്ഥാന നികുതി വകുപ്പ് ആദ്യമായി നടത്തിയ പരിശോധനയാണ് പെരുമ്പാവൂരിലേത്. കോട്ടയം STO(IB) സി.ജി. അരവിന്ദ്, മട്ടാഞ്ചേരി STO(IB) ബേബി മത്തായി, ആലപ്പുഴ STO(IB) രാജഗോപാൽ, എന്നിവരുടെ നേതൃത്വത്തിലുള്ള ഐ.ബി. യൂണിറ്റുകളാണ് പങ്കെടുത്തത്. എറണാകുളം DC(IB) ജോൺസൺ ചാക്കോ സെർച്ചിന് വേണ്ട മാർഗനിർദേശങ്ങൾ നൽകി. കെ.എ.പി. ഒന്നാം ബറ്റാലിയൻ തൃപ്പൂണിത്തുറ അസിസ്റ്റന്റ് കമാന്റന്റ്  ആൻസൺ, സബ്  ഇൻസ്‌പെക്ടർ സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള 14 അംഗ സായുധ പോലീസ് സംഘമാണ് ജി.എസ്.ടി അന്വേഷണസംഘത്തെ സഹായിച്ചത്.