സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം പരിപാടിയുടെ ഉദ്ഘാടനം ജൂണ്‍ 22 വൈകുന്നേരം മൂന്നിന് മണ്ണടി വേലുത്തമ്പി ദളവ മ്യൂസിയം ഹാളില്‍ തുറമുഖം, പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍വഹിക്കും. വൈദേശിക ശക്തികള്‍ക്കെതിരേ പടനയിച്ച ദേശാഭിമാനികളുടെ ആശയങ്ങളും ആദര്‍ശങ്ങളും പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെയാണ് സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം സംഘടിപ്പിക്കുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിനും കൊളോണിയല്‍ വിരുദ്ധ പോരാട്ടത്തിനും തിരുവിതാംകൂറിന്റെ സംഭാവനയാണ് ജനകീയ പ്രതിരോധത്തിലെ വേലുത്തമ്പിദളവയുടെ നായകത്വവും തുടര്‍ന്നുള്ള രക്തസാക്ഷിത്വവും.
ഒന്നാം സ്വാതന്ത്ര്യസമരത്തിനും അര നൂറ്റാണ്ടിനു മുന്‍പ് കൊളോണിയല്‍ വാഴ്ചയ്ക്കെതിരേ ഉജ്ജ്വലമായി പട നയിച്ച വേലുത്തമ്പി ദളവയുടെ അന്ത്യനിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച മണ്ണാണ് പത്തനംതിട്ട ജില്ലയിലെ മണ്ണടി. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി 1809 ലെ വേലുത്തമ്പിദളവയുടെ ജീവല്‍ത്യാഗം എന്ന വിഷയത്തിലാണ് മണ്ണടിയില്‍ വച്ച് പുരാവസ്തു വകുപ്പ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടര്‍ പ്രൊഫ. വി. കാര്‍ത്തികേയന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ഇ. ദിനേശന്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ-സാംസ്‌കാരിക പ്രവര്‍ത്തകര്‍, വേലുത്തമ്പി ദളവ മ്യൂസിയം ചാര്‍ജ് ഓഫീസര്‍ സി.പി. സുധീഷ് തുടങ്ങിയവര്‍ പങ്കെടുക്കും.