പി വെമ്പല്ലൂര്‍ എംഇഎസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച പാചകപ്പുരയുടെ ഉദ്ഘാടനം ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ നിര്‍വഹിച്ചു. എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ചാണ് സ്‌കൂളിലെ പാചകപ്പുരയുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. നല്ല ഭക്ഷണം വിദ്യാര്‍ത്ഥികള്‍ക്ക് എന്ന ലക്ഷ്യത്തോടെ കയ്പ്പമംഗലം മണ്ഡലത്തിലെ ആവശ്യപ്പെട്ട മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും പാചകപ്പുര നിര്‍മ്മാണത്തിനായി തുക അനുവദിച്ചിട്ടുണ്ട്. വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ പരിശോധനകള്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ തുടരുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ എംഎല്‍എ അഭിപ്രായപ്പെട്ടു. വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണം സുരക്ഷിതവും സ്വാദിഷ്ടവുമായ രീതിയിലാണ് പാചകം ചെയ്യുന്നതെന്ന് പരിശോധനയിലൂടെ ബോധ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. ശ്രീനാരായണപുരം പഞ്ചായത്ത് പ്രസിഡന്റ് എം എസ് മോഹനന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ എസ് ജയ, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എ ഹബീബ്, മതിലകം ബ്ലോക്ക് പഞ്ചായത്തംഗം ശോഭന ശാര്‍ങ്ങധരന്‍, പഞ്ചായത്തംഗം കൃഷ്‌ണേന്ദു, സ്‌കൂള്‍ ചെയര്‍മാന്‍ പി എം മൊഹിയുദീന്‍, കെ എ മുഹമ്മദ് ഇബ്രാഹിം, പി ടി എ പ്രസിഡന്റ് കെ എ നാസര്‍, വി എം ഷൈന്‍, പി കെ മുഹമ്മദ് ഷമീന്‍ എന്നിവര്‍ പങ്കെടുത്തു.
