പൊന്നാനിയില്‍ ആരംഭിച്ച ഹൈഡ്രോഗ്രാഫിക് ഇന്‍സ്റ്റിറ്റ്യൂട്ട് മലബാറിന്റെ വികസനത്തിലെ നാഴികകല്ലായി മാറുമെന്ന് തുറമുഖം, മ്യൂസിയം, പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. പൊന്നാനിയിലെ കേരള ഹൈഡ്രോഗ്രാഫിക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈഡ്രോഗ്രാഫി ആന്‍ഡ് അഡ്വാന്‍സ്ഡ് സ്റ്റഡീസിന്റെ (കിഹാസ് ) താത്കാലിക ഉപകേന്ദ്രത്തിന്റെ പ്രവര്‍ത്തനോദ്ഘാടനവും ലോക ഹൈഡ്രോഗ്രാഫിക് ദിനാഘോഷവും ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കിഹാസ് പൊന്നാനിയില്‍ ആരംഭിക്കുന്നതോടെ യുവതീ-യുവാക്കള്‍ക്ക് നിരവധി തൊഴില്‍ അവസരം ലഭ്യമാക്കുന്നതോടൊപ്പം കടലുമായി ബന്ധപ്പെട്ട് ഉപജീവനം നയിക്കുന്നവര്‍ക്കും പ്രയോജനപ്പെടുമെന്നും മന്ത്രി പറഞ്ഞു.

പൊന്നാനി ആനപ്പടി നുഫയിസ് പാലസില്‍ നടന്ന പരിപാടിയില്‍ പി.നന്ദകുമാര്‍ എം.എല്‍.എ അധ്യക്ഷനായി. പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായി മാറി കൊണ്ടിരിക്കുന്ന പൊന്നാനിയുടെ വികസത്തില്‍ നിര്‍ണ്ണായകമായ സ്ഥാപനമായി ഹൈഡ്രോഗ്രാഫിക് ഇന്‍സ്റ്റിറ്റ്യൂട്ട്മാറുമെന്നും പൊന്നാനിയുടെ പൊതു വികസനത്തില്‍ പോര്‍ട്ട് അനിവാര്യമാണെന്നും അതിനുള്ള ശ്രമങ്ങള്‍ തുടരുമെന്നും എം.എല്‍.എ. പറഞ്ഞു. തിരുവനന്തപുരം ചീഫ് ഹൈഡ്രോഗ്രാഫര്‍ വി. ജിറോഷ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

പൊന്നാനി നഗര സഭാ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം, പൊന്നാനി നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ ഒ.ഒ. ഷംസു, ടി.മുഹമ്മദ് ബഷീര്‍,ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് സ്റ്റേഷന്‍ കമാന്‍ഡര്‍ കമാന്‍ഡന്റ് ആര്‍.കെ. കദം റ്റി എം, നാഷണല്‍ ഹൈഡ്രോഗ്രാഫിക് ലഫ്. കമാന്‍ഡര്‍ ജോഷ് ലോപ്പസ്, പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍ അശ്വനി പ്രതാപ്, സൂപ്രണ്ടിങ് എഞ്ചിനീയര്‍ കുഞ്ഞി മമ്മു, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ബേബി ഷീജ കോഹൂര്‍, ഡെപ്യൂട്ടി ഹൈഡ്രോഗ്രാഫര്‍ ആര്‍ മനോരഞ്ജന്‍ മന്ത്രി പ്രതിനിധി അന്‍വര്‍ സാദത്ത്, ടി.പി. സലിം കുമാര്‍,തുടങ്ങിയവര്‍ പങ്കെടുത്തു. ഹൈഡ്രോഗ്രാഫി ഇന്ത്യന്‍ നാവിക സേനയുടെ പങ്ക്, തീരദേശ അപകടങ്ങളും ബഹിരാകാശ സാങ്കേതീക വിദ്യയുടെ പങ്ക്, പൊന്നാനിയുടെ ഭൂമിശാസ്ത്ര ചരിത്രം എന്നീ വിഷയങ്ങളില്‍ സെമിനാറും സംഘടിപ്പിച്ചു.