കര്‍ഷക പാരമ്പര്യ തനിമ ഓര്‍മപ്പെടുത്തി നെന്മണിക്കരയില്‍ ഞാറ്റുവേല ചന്തയ്ക്ക് തുടക്കം. നെന്മണിക്കര ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ചന്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങളും നടീല്‍ വസ്തുക്കളും പ്രദര്‍ശിപ്പിക്കുന്നതിനും ഇടനിലക്കാരില്ലാതെ ന്യായമായ വിലയ്ക്ക് വില്‍ക്കുന്നതിനും ചന്ത പ്രയോജനപ്പെടും.

മൂന്ന് ദിവസമായി നടക്കുന്ന ചന്തയില്‍ വിവിധതരം പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, ഫലവൃക്ഷതൈകള്‍, പച്ചക്കറിതൈകള്‍ ഉള്‍പ്പെടെ നൂറിലധികം ഉല്‍പ്പന്നങ്ങളാണ് വിപണനത്തിന് എത്തുന്നത്. ചന്തയ്ക്ക് മുന്നോടിയായി കൃഷിഭവന്റെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്തിലെ ഓരോ വാര്‍ഡുകളിലും കര്‍ഷകരുടെ യോഗം വിളിച്ചിരുന്നു. ഞാറ്റുവേല ചന്തയുടെ ഭാഗമായി ഓണത്തിന് പച്ചക്കറി വിളവെടുപ്പ് ലക്ഷ്യമിട്ട് പഞ്ചായത്ത് അമ്പതിനായിരം പച്ചക്കറി തൈകള്‍ വിതരണം ചെയ്തു. തൈകളും വളവും കര്‍ഷകര്‍ക്ക് സൗജന്യമായി ഗ്രാമപഞ്ചായത്ത് നല്‍കുന്നുണ്ട്. ഓണത്തിന് മാര്‍ക്കറ്റ് വില നല്‍കി കര്‍ഷകരില്‍ നിന്ന് ഗ്രാമപഞ്ചായത്തും കൃഷിഭവനും ചേര്‍ന്ന് ഉല്‍പ്പന്നങ്ങള്‍ ഏറ്റെടുത്ത് വിപണനം നടത്തും.

പഞ്ചായത്ത് പ്രസിഡന്റ് ടി എസ് ബൈജു അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ഷീല മനോഹരന്‍, പോള്‍സന്‍ തെക്കുപീടിക, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി ടി വിജയലക്ഷ്മി, പഞ്ചായത്ത് വികസനകാര്യ ചെയര്‍മാന്‍ സജിന്‍ മേലേടത്ത്, ക്ഷേമകാര്യ ചെയര്‍മാന്‍ ഭദ്രമനു എന്നിവര്‍ പങ്കെടുത്തു. ഞാറ്റുവേല ചന്തയുടെ ആവശ്യകതയും കാലികപ്രസക്തിയും സംബന്ധിച്ച് കൃഷി ഓഫീസര്‍ എം സി രേഷ്മ വിശദീകരിച്ചു.