കേരള കര്‍ഷക ക്ഷേമനിധി അംഗത്വ രജിസ്‌ട്രേഷന്‍ കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ജൂണ്‍ 24ന്. കാര്‍ഷിക വൃത്തിയിലും അനുബന്ധ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരിക്കുന്ന കര്‍ഷകരുടെ ക്ഷേമത്തിന് പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കാനും കാര്‍ഷിക വൃത്തിയിലേയ്ക്ക് യുവതലമുറയെ ആകര്‍ഷിക്കുന്നതിനും ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ചിട്ടുള്ളതാണ് കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡ്.

കേരള കര്‍ഷക ക്ഷേമനിധിയിലേക്കുള്ള അംഗത്വം www.kfwfb.kerala.gov.in എന്ന പോര്‍ട്ടല്‍ വഴി ചെയ്യാം. ജില്ലാ അടിസ്ഥാനത്തില്‍ കര്‍ഷക രജിസ്‌ട്രേഷന്‍ സുഗമമാക്കുന്നതിനും കൂടുതല്‍ കര്‍ഷകരെ ഇതില്‍ അംഗങ്ങളാക്കുന്നതിന്നും വേണ്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് കര്‍ഷക ക്ഷേമനിധി അംഗത്വ രജിസ്‌ട്രേഷന്‍ കാമ്പയിന്‍ സംഘടിപ്പിക്കുന്നത്.

പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ഹാളില്‍ രാവിലെ 10ന് നടക്കുന്ന പ്രചാരണ പരിപാടിയുടെ ഉദ്ഘാടനം റവന്യൂമന്ത്രി കെ രാജന്‍ നിര്‍വ്വഹിക്കും.
പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രന്‍ അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍, ഒല്ലൂക്കര ബ്ലോക്ക് പ്രസിഡന്റ് കെ ആര്‍ രവി എന്നിവര്‍ മുഖ്യാതിഥികളാകും. കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ എസ് സുബ്രഹ്‌മണ്യന്‍ പദ്ധതി വിശദീകരിക്കും.