കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ തിരുവനന്തപുരം വെള്ളയമ്പലം അയ്യൻകാളി ഭവനിലെ കമ്മീഷന്റെ കോർട്ട് ഹാളിൽ 28, 29 തീയതികളിൽ രാവിലെ 11 ന് സിറ്റിങ് നടത്തും. 28 ന് നടക്കുന്ന സിറ്റിങ്ങിൽ പാർക്കവകുല സമുദായത്തെ ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ഹർജി, തൊട്ടിയൻ സമുദായത്തിൽപ്പെട്ട ആൾക്കാർക്ക് തൊട്ടിയനായ്ക്കർ എന്ന പേരിൽ ജാതി സർട്ടിഫിക്കറ്റ് നൽകുന്നതിനായി സമർപ്പിച്ച നിവേദനം, സർക്കാർ വെബ്‌സൈറ്റിൽ PANDITHAR എന്നത് PANDITHARS എന്ന് രേഖപ്പെടുത്തിയിരിക്കുന്നതുമൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന അഖില കേരള പണ്ഡിതർ മഹാസഭയുടെ നിവേദനം, ക്രിസ്തുമതത്തിലെ എല്ലാ വിഭാഗങ്ങൾക്കും ജാതി സംവരണം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കെ.എസ്. ഡൊമിനിക് സമർപ്പിച്ച നിവേദനം എന്നിവ പരിഗണിക്കും.

പരിവാര ബണ്ട് സമുദായത്തെ ഒ.ബി.സിയിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച നിവേദനം, ദളിത് ക്രൈസ്തവ (പരിവർത്തിത ക്രൈസ്തവ) വിദ്യാർഥികളുടെ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിൽ ജാതിപ്പേര് ചേർക്കുന്നത് സംബന്ധിച്ച് നിവേദനം, കീം എൻട്രൻസ് പരീക്ഷയിൽ ഒ.ബി.സി കാറ്റഗറിയിൽ ‘അമ്പലക്കാരൻ’ സമുദായത്തെ ഉൾപ്പെടുത്തണം എന്ന ആവശ്യം, ഗവറ വിഭാഗത്തെ സംസ്ഥാന പിന്നാക്ക വിഭാഗ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം എന്നിവ 29ലെ സിറ്റിങ്ങിൽ പരിഗണിക്കും. കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ജി. ശശിധരൻ, അംഗങ്ങളായ ഡോ. എ. വി. ജോർജ്ജ്, സുബൈദാ ഇസ്ഹാക്ക്, കമ്മീഷൻ മെമ്പർ സെക്രട്ടറി എന്നിവർ സിറ്റിങ്ങിൽ പങ്കെടുക്കും.