പട്ടികവര്‍ഗ്ഗ മേഖലയില്‍ കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ക്രിയാത്മക ഇടപെടലുകള്‍ നടത്തുന്നതിനുമായി വിവിധ സര്‍ക്കാര്‍ സര്‍ക്കാരേതര സംവിധാനങ്ങളുടെ സഹകരണത്തോടെ ഊരുതല ബാലസംരക്ഷണ സമിതി രൂപീകരിച്ചു. കല്‍പ്പറ്റ നഗരസഭയിലെ നാരങ്ങാക്കണ്ടി ഊരില്‍ ചൈല്‍ഡ്‌ലൈന്‍ വയനാട് കേന്ദ്രത്തിന്റെ നേതൃത്യത്തില്‍ വിവിധ വകുപ്പുകളുടേയും ഏജന്‍സികളുടേയും പ്രാദേശിക സാമൂഹ്യ പ്രവര്‍ത്തകരുടേയും പങ്കാളിത്തത്തോടെയാണ് സമിതി രൂപീകരിച്ചത്.
ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, ജനമൈത്രി പോലീസ്, ലേബര്‍, ട്രൈബല്‍, എക്‌സൈസ്, വിദ്യാഭ്യാസ വകുപ്പുകള്‍, ഐ.സി.ഡി.എസ്, കല്‍പ്പറ്റ നഗരസഭ, മറ്റ് സാമൂഹ്യ പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനകള്‍ എന്നിവര്‍ സമിതിയില്‍ അംഗങ്ങളാണ്. കുട്ടികളുടെ സ്‌കൂളില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക്, വ്യക്തിഗത ആരോഗ്യ ശുചിത്വ പ്രവര്‍ത്തനങ്ങള്‍, ബാലവേല, ബാല വിവാഹം, ലഹരി ഉപയോഗം എന്നിവ പൂര്‍ണ്ണമായും ഇല്ലാതാക്കല്‍, ശാരീരിക-മാനസിക ചൂഷണം, പീഡനം എന്നിവ തടയല്‍, പഠന നിലവാരം ഉയര്‍ത്തല്‍, വ്യക്തിത്വ വികസനം, ജീവിത നൈപുണ്യ വികാസ പരിപാടികള്‍ എന്നിവയാണ് ഊരുതല ബാലസംരക്ഷണ സമിതിയിലൂടെ ലക്ഷ്യമിടുന്നത്.നാരങ്ങാക്കണ്ടി ഊരുതല ബാല സംരക്ഷണ സമിതിയുടെ ഉദ്ഘാടനം കല്‍പ്പറ്റ നഗരസഭ കൗണ്‍സിലര്‍ നിജിത നിര്‍വ്വഹിച്ചു
