വളർത്തുമൃഗങ്ങൾക്ക് ലൈസൻസ് നൽകുന്നതിന് ചേർത്തല നഗരസഭ നടപ്പാക്കുന്ന പദ്ധതി ചെയർപേഴ്സൺ ഷേർളി ഭാർഗ്ഗവൻ ഉദ്ഘാടനം ചെയ്തു.

നായ, പൂച്ച തുടങ്ങിയ വളർത്തു മൃഗങ്ങൾക്ക് ലൈസൻസ് നൽകുന്നതിനുള്ള ക്രമീകരണങ്ങൾ പദ്ധതിയുടെ ഭാഗമായി ഏർപ്പെടുത്തിയിട്ടുണ്ട്. വാക്സിനേഷൻ നൽകിയ സർട്ടിഫിക്കറ്റും 350 രൂപയും നഗരസഭയിൽ അടച്ചാൽ ലൈസൻസ് ലഭിക്കും. ഒരു വർഷമാണ് ലൈസൻസിന്‍റെ കാലാവധി. 200 രൂപ അടച്ച് പുതുക്കാം.

മറ്റു മൃഗങ്ങൾക്ക് നിശ്ചിത ഫീസ് അടച്ച് രജിസ്റ്റർ ചെയ്താൽ മതി. ലൈസൻസ് എടുക്കാതെ മൃഗങ്ങളെ വളർത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.

ചടങ്ങില്‍ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ലിസി ടോമി അദ്ധ്യക്ഷത വഹിച്ചു. നഗരസഭാംഗങ്ങളായ സൽജി, ബി. ഫൈസൽ, ശോഭാജോഷി, സെക്രട്ടറി ടി.കെ. സുജിത്, ഹെൽത്ത് സൂപ്പർവൈസർ എസ്. സുദീപ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.