തിരുവനന്തപുരം: പൊതുജനങ്ങള്‍ കോവിഡ് വാക്സിനേഷന്റെ ബൂസ്റ്റര്‍ ഡോസ് ഉള്‍പ്പെടെ സ്വീകരിക്കണമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ ഡോ.നവ്ജ്യോത് ഖോസ. കോവിഡ് വര്‍ധിച്ചു വരുന്ന സാഹചര്യമുണ്ടായാല്‍ നേരിടാന്‍ ജില്ലാ ഭരണകൂടം സജ്ജമാണെന്നും ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇതിന് വേണ്ട സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും കളക്ടര്‍ അറിയിച്ചു. ദിശാ ഹെല്‍പ് ലൈനിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തണമെന്നും ഗര്‍ഭിണികളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധചെലുത്തണമെന്നും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലയിലെ നിലവിലെ സാഹചര്യം വിലയിരുത്താനായി ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍.

കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ വികസന കമ്മീഷണര്‍ ഡോ.വിനയ് ഗോയല്‍, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ടി.കെ വിനീത്, ഡി.പി.എം ആശാ വിജയന്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, മെഡിക്കല്‍ കോളേജ് – ജനറല്‍ ആശുപത്രി പ്രതിനിധികള്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും സംബന്ധിച്ചു.