നിലവിലെ ഗുണഭോക്താക്കളുടെ എണ്ണം – 1402136  

ഭർത്താവ് മരണപ്പെടുകയോ ഏഴു വർഷത്തിലധികമായി ഭർത്താവിനെ കാണാതാകുകയോ ചെയ്ത സ്ത്രീകളുടെ ക്ഷേമം ഉറപ്പാക്കാൻ സർക്കാർ നടപ്പാക്കുന്ന സാമൂഹ്യ സുരക്ഷാ പദ്ധതിയാണ് വിധവാ പെൻഷൻ. ഭർത്താവിന്റെ മരണ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഏഴു വർഷത്തിലധികമായി ഭർത്താവിനെ കാണാനില്ല എന്ന് റവന്യൂ അധികാരികൾ സാക്ഷ്യപ്പെടുത്തി നൽകുന്ന വിധവാ സർട്ടിഫിക്കറ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് പെൻഷൻ അനുവദിക്കുന്നത്.
ഭർത്താവ് ഉപേക്ഷിച്ച് ഏഴു വർഷം കഴിഞ്ഞതും പുനർ വിവാഹിതരാകാത്തവരുമായ 50 വയസ്സുകഴിഞ്ഞ സ്ത്രീകൾക്ക് പദ്ധതി വഴി പെൻഷൻ ലഭിക്കും. മാനദണ്ഡങ്ങൾ പ്രകാരം അപേക്ഷക അർഹയാണെന്ന് വ്യക്തമാക്കുന്ന വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് നൽകുന്നത്.
2019 വരെ വിവാഹമോചിതരായ സ്ത്രീകൾക്കും പെൻഷൻ നൽകിയിരുന്നു. എന്നാൽ 2020 ലെ സർക്കാർ ഉത്തരവുപ്രകാരം നിയമപരമായി വിവാഹമോചനം നേടിയവരെ വിധവയായി കണക്കാക്കാനാകില്ലെന്ന വ്യവസ്ഥ നിലവിൽ വന്നു. ഉപേക്ഷിക്കപ്പെട്ടതല്ലാതെ ഭർത്താവിൽനിന്നും അകന്നുകഴിയുന്ന വിധവയല്ലാത്ത വ്യക്തികൾക്കും വിധവാപെൻഷൻ അനുവദിക്കാൻ നിലവിൽ വ്യവസ്ഥയില്ല. ജൂൺ 6 വരെയുള്ള കണക്കുകൾപ്രകാരം ആകെ 1402136 സ്ത്രീകൾക്ക് വിധവാ പെൻഷൻ ലഭിക്കുന്നുണ്ട്.