ഇടുക്കി കട്ടപ്പനയിൽ 25 വർഷമായി ഖാദി ഭവൻ എന്ന പേരിൽ വ്യാജ ഖാദി വില്പന നടത്തി വന്നിരുന്ന സ്ഥാപനത്തിനെതിരെ നിയമനടപടി സ്വീകരിച്ചു. ഇടുക്കി ജില്ലാ ഖാദി ഗ്രാമ വ്യവസായ പ്രോജക്ട് ഓഫീസർ ഇ. നാസറിന്റെ പരാതിയിൽ നെയിം ബോർഡിൽ നിന്നും ഖാദി എന്ന പേര് നീക്കം ചെയ്തു. ഖാദി ബോർഡിന്റെയും ഖാദി കമ്മീഷന്റെയും അംഗീകൃത സ്ഥാപനങ്ങളിൽ മാത്രമാണ് ഖാദി വിൽക്കാൻ അനുമതിയുള്ളത്. വിശേഷ നാളുകളിൽ ഖാദി പ്രത്യേക റിബേറ്റ് നൽകിയാണ് വില്പന നടത്തുന്നത്. കോട്ടൺ നൂൽ കൈ കൊണ്ട് നൂൽക്കുകയും നെയ്യുകയും ചെയ്താണ് ഖാദി വസ്ത്രം നിർമ്മിക്കുന്നത്. ഖാദി ഭവൻ എന്ന പേര് വച്ച് മില്ലുകളിൽ നിന്ന് നെയ്യുന്ന വസ്ത്രങ്ങൾ ഖാദി വസ്ത്രം എന്ന പേരിൽ ഇവിടെ വിൽക്കുകയായിരുന്നു. വളരെ കുറഞ്ഞ കൂലിക്ക് പണിയെടുക്കുന്ന ഖാദി തൊഴിലാളികളുടെ ജീവിതത്തെ തന്നെ തകർക്കുന്നതാണ് വ്യാജ ഖാദി വില്പന. വ്യാജ ഖാദിക്കെതിരെ ശക്തമായ നടപടി എടുക്കുന്നതിനുള്ള ഖാദി ബോർഡ് തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പ്രോജക്ട് ഓഫീസർ നേരിട്ടെത്തി കട്ടപ്പന ഡി.വൈ.എസ്.പിക്ക് പരാതി നൽകി നിയമ നടപടി സ്വീകരിച്ചത്.