ആലപ്പുഴ : എടത്വായിലെ പ്രളയ ബാധിതർക്ക് ഭക്ഷണമൊരുക്കി നൽകി ഒരു നാടിന്റെ മുഴുവൻ സ്നേഹം ഏറ്റുവാങ്ങുകയാണ് അക്ഷയ പാത്രം . പാണ്ടംകരി എസ്.എം. എസ് എൽ. പി സ്കൂളിലെ ക്യാമ്പ് അംഗങ്ങൾ ഉൾപ്പെടെ 2000 പേർക്ക് പ്രഭാത ഭക്ഷണവും വിഭവ സമൃദ്ധമായ ഉച്ച ഊണും രാത്രി ഭക്ഷണവും ഒരുമടിയും കൂടാതെ വെച്ചുവിളമ്പുകയാണ് ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന അക്ഷയ പാത്ര എന്ന എൻ.ജി.ഒ സംഘം .
.
കളക്ടറുടെയും ജില്ലാ ഭരണകൂടത്തിന്റെയും നിർദേശ പ്രകാരമാണ് പ്രളയ ബാധിതർക്ക് ഭക്ഷണമൊരുക്കി നൽകാനായി സംഘം ആലപ്പുഴയിൽ എത്തിയത്.
1000 കിലോ അരിയുടെ ചോറും 150 കിലോ പച്ചക്കറിയുമാണ് വിതരണം ചെയ്തു വരുന്നത്.
ഒരു പങ്ക് ഭക്ഷണം വീടുകളിലും എത്തിക്കുന്നു.
ഉപ്പുമാവും അച്ചാറുമായിരുന്നു പ്രഭാത വിഭവം. ഉച്ചയ്ക്ക് അവിയൽ, സാമ്പാർ, അച്ചാർ എന്നിവയും രാത്രിയിൽ രസവുമാണ് കറികൾ .
20 അംഗ സംഘത്തോടൊപ്പം നാട്ടുകാരും പാചകത്തിനും പച്ചക്കറി അരിയാനുമൊക്കെ കൂടെ കൂടിയിട്ടുണ്ട്. മലയാളികളും ബെംഗളൂരുനിവാസികളും അടങ്ങുന്ന അക്ഷയ പാത്ര സംഘത്തിനു എടത്വ പള്ളിയിലാണ് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്.
അക്ഷയ പാത്രത്തിന്റെ പ്രവർത്തനങ്ങൾ നേരിൽ കാണാൻ ആലപ്പുഴ ജില്ലാ കളക്ടർ എസ്.സുഹാസും ഡെപ്യൂട്ടി കളക്ടർ മുരളീധരൻ പിള്ളയുമടങ്ങുന്ന
സംഘം പാണ്ടക്കറിയിലെത്തി.
പ്രളയത്തെ തുടർന്ന് ഭക്ഷണം ഇല്ലാതെ വലഞ്ഞ നാട്ടുകാർക്ക് രുചികരമായ ഭക്ഷണം ഒരുക്കി നൽകിയ കളക്ടറോട് നാട്ടുകാർ നന്ദി പറഞ്ഞു. കൂടുതൽ സ്ഥലത്തേക് അക്ഷയ പാത്രത്തിന്റെ സേവനം വ്യാപിപ്പിക്കുമെന്ന് കളക്ടർ പറഞ്ഞു. പ്രളയ കെടുതി തീരുന്ന സമയം വരെ ഭക്ഷണം വിളമ്പാൻ തങ്ങൾ സന്നദ്ധരാണെന്നു അക്ഷയ പാത്രത്തിന്റെ അംഗങ്ങളും കളക്ടർക്ക് ഉറപ്പ് നൽകി. വില്ലേജ് ഓഫീസർ എസ്.സുഭാഷ്, മെമ്പർ ശ്യാമള രാജൻ എന്നിവർ നേതൃത്വം നൽകുന്നു.
