കശുവണ്ടി തൊഴിലാളികള്‍ക്ക് 2018 വര്‍ഷം ഓണത്തോടനുബന്ധിച്ച് ഒമ്പതിനായിരം രൂപ ബോണസ്സ് അഡ്വാന്‍സ് ആയി നല്‍കാന്‍ മത്സ്യബന്ധന-ഹാര്‍ബര്‍ എന്‍ജിനീയറിംഗ്-കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രിയുടെ ജെ.മെഴ്‌സിക്കുട്ടി അമ്മയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഐ.ആര്‍.സി. യോഗത്തില്‍  തീരുമാനമായി.
ബോണസ് അഡ്വാന്‍സ് തുക ആഗസ്റ്റ് 18 മുതല്‍ 21 വരെയുള്ള ദിവസങ്ങളില്‍ വിതരണം ചെയ്യും.  ബോണസ് എക്‌സ്‌ഗ്രേഷ്യാ ശതമാനം നിശ്ചയിക്കുന്നത് സംബന്ധിച്ച് ഓണം കഴിഞ്ഞ് ഐ.ആര്‍.സി. യോഗം ചര്‍ച്ച ചെയ്ത് തീരുമാനിക്കും.
ബോണസ് എക്‌സ്‌ഗ്രേഷ്യാ നിരക്ക് നിശ്ചയിച്ച് തീരുമാനം ഉണ്ടാകുന്ന മുറയ്ക്ക് അഡ്വാന്‍സ് ബോണസില്‍ ക്രമീകരിക്കും.
കശുവണ്ടി ഫാക്ടറികളിലെ മാസശമ്പളക്കാരായ ജീവനക്കാര്‍ക്ക് മൂന്ന് മാസത്തെയും 12 ദിവസത്തിനും തുല്യമായ തുക ബോണസായി നല്‍കും.  2018-ജൂലൈ മാസത്തെ ശമ്പളം അടിസ്ഥാനമാക്കിയാണ് ഫാക്ടറി ജീവനക്കാരുടെ ബോണസ് നിശ്ചയിക്കുന്നത്.
കശുവണ്ടി ഫാക്ടറികളിലെ ഓഫീസ് ജീവനക്കാരുടെ വേതന പരിഷ്‌കരണം ഓണം കഴിഞ്ഞ് ചേരുന്ന ഐ.ആര്‍.സി. ചര്‍ച്ച ചെയ്ത് തീരുമാനിക്കും.  ഇവര്‍ക്ക് അവശേഷിക്കുന്ന മാസങ്ങളിലെ ശമ്പളത്തില്‍ നിന്നും തിരിച്ചു പിടിക്കുന്ന അഡ്വാന്‍സായി 100 രൂപ നല്‍കും.  2018-ജൂലൈ 31 വരെയുള്ള കാലയളവില്‍ 75 ശതമാനം ഹാജര്‍ ഉള്ളവര്‍ക്ക് മുഴുവന്‍ ബോണസ്സ് അഡ്വാന്‍സും അതില്‍ കുറവ് ഹാജര്‍  ഉള്ളവര്‍ക്ക് ആനുപാതിക ബോണസ് അഡ്വാന്‍സും നല്‍കും.
ഓഗസ്റ്റ് 15, തിരുവോണം ദിവസങ്ങളിലെ അവധി ശമ്പളം ലഭിക്കാത്ത തൊഴിലാളികള്‍ക്ക് അത് ബോണസ് അഡ്വാന്‍സിനൊടൊപ്പം നല്‍കും.
ബോണസ് വിതരണം നിശ്ചിത സമയത്തു തന്നെ പൂര്‍ത്തിയാക്കണമെന്നും തൊഴിലാളികള്‍ക്ക്  ന്യായമായ   ബോണസ് നല്‍കാത്ത കമ്പനികള്‍ക്ക് എതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പി.കെ. ഗുരുദാസന്‍, എ.എ. അസീസ്, ഫസലുദ്ദീന്‍ ഹക്ക്, ജി. രാജു, ശിവജി സുദര്‍ശന്‍, അഡ്വ: കല്ലട.പി.കുഞ്ഞുമോന്‍, എസ്. ജയമോഹന്‍ ബി. തുളസീധര കുറുപ്പ്, പി.ആര്‍. വസന്തന്‍, കെ. തുളസീധരന്‍, ഏഴുകോണ്‍ സത്യന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.