വലതുപക്ഷത്തിന്റെ വര്‍ദ്ധിച്ചുവരുന്ന ശക്തിയും ഇന്ത്യ എന്ന ആശയത്തെ തകര്‍ക്കാന്‍ നടത്തുന്ന ശ്രമങ്ങളുമാണ് ഇന്ന് നാം നേരിടുന്ന വലിയ പരീക്ഷണമെന്ന് എഴുത്തുകാരനും കേരള സാഹിത്യ അക്കാദമി അധ്യക്ഷനുമായ പ്രൊഫ. കെ സച്ചിദാനന്ദന്‍. സംസ്ഥാന റവന്യൂ കലോത്സവത്തിന്റെ ഭാഗമായി കേരള സാഹിത്യ അക്കാദമിയില്‍ സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയെന്ന ആശയത്തെയും അത് പ്രതിനിധാനം ചെയ്യുന്ന ബഹുസ്വരതയെയും തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികളുടെ പരീക്ഷണശാലയായി മാറാന്‍ കേരളത്തെ അനുവദിച്ചുകൂട. ഇത്തരം വലതുപക്ഷ ശക്തികളുടെ വാട്ടര്‍ലൂ ആയി കേരളത്തെ മാറ്റാനുള്ള പ്രതിരോധത്തിന്റെ ബദല്‍ മാതൃക കേരളം മുന്നോട്ടുവയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.
നവകേരള സൃഷ്ടിയെക്കുറിച്ച് ധാരാളം ചര്‍ച്ചകള്‍ ഉയരുന്ന കാലമാണിത്.
നവോത്ഥാനത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ പലരും ഭൂതകാലത്തെക്കുറിച്ചാണ് പറയുക. അത് തന്നെ ഏറെ വേദനിപ്പിക്കുന്ന ഒന്നാണെന്നും സച്ചിദാനന്ദന്‍ അഭിപ്രായപ്പെട്ടു. നവോത്ഥാനം എന്നത് ജനാധിപത്യത്തെ പോലെ തുടര്‍ പ്രക്രിയയാണ്. അത് പല ഘട്ടങ്ങളിലൂടെ കടന്ന് പോയിട്ടുണ്ട്. നവോത്ഥാനത്തിന് മുന്നോട്ട് പോകാനുള്ള വഴി നാം അന്വേഷിക്കണം. നവോത്ഥാനം നേരിടുന്ന വലിയ വെല്ലുവിളിയാണ് വര്‍ഗീയത. ഇതിന്റെ ഫലമായി പുരോഗമന സംസ്‌കാരത്തിന്റെ പ്രധാന വേദിയായ പൊതു ഇടങ്ങൾ നമുക്ക് നഷ്ടമായെന്നും അദ്ദേഹം പറഞ്ഞു.
ഭരണയന്ത്രത്തിന്റെ കേവല ചക്രങ്ങളല്ല സര്‍ക്കാര്‍ ഉദ്യോഗസ്ഥർ. അവരും സാഹിത്യ, സംഗീത, കലാ വാസനയുള്ള മനുഷ്യരാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കലാവാസന പ്രകടിപ്പിക്കാനുള്ള അവസരമൊരുക്കുക എന്നത് ജനാധിപത്യ ഭരണകൂടത്തിന്റെ ചുമതലയാണ്. ആ ബോധ്യമുള്ള സര്‍ക്കാരാണ് ഇന്ന് ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ റവന്യൂ മന്ത്രി കെ രാജന്‍, ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍, ഡോ. ഖദീജ മുംതാസ്, ആലങ്കോട് ലീലാകൃഷ്ണന്‍, കേരള സാഹിത്യ അക്കാദമി സെക്രട്ടറി സി പി അബൂബക്കര്‍, ഡെപൂട്ടി കലക്ടര്‍ സി കബനി, എ എച്ച് സിറാജുദ്ദീന്‍, ഇ എം സതീശന്‍ തുടങ്ങിയര്‍ പങ്കെടുത്തു.