സംസ്ഥാന റവന്യൂ കലോത്സവത്തിൽ കന്നി നേട്ടം സ്വന്തമാക്കി ആതിഥേയ ജില്ലയായ തൃശൂർ. തേക്കിൻകാട് മൈതാനിയിലെ വേദി 1 ൽ നടന്ന ഭരതനാട്യം ആൺ-പെൺ വിഭാഗങ്ങളിലായി നടന്ന മത്സരത്തിലാണ് തൃശൂർ ജില്ല ഒന്നാംസ്ഥാനം കരസ്ഥമാക്കിയത്. വനിതാ വിഭാഗത്തിൽ തൃശൂർ കലക്ടറേറ്റ് റവന്യൂ വിഭാഗം ക്ലർക്ക് റോമി ചന്ദ്രമോഹനനും പുരുഷ വിഭാഗത്തിൽ ഇരിങ്ങാലക്കുട മനവളശ്ശേരി വില്ലേജ് ഓഫീസർ സുനിൽ കുമാറും മികവാർന്ന പ്രകടനത്തോടെ ഒന്നാം സ്ഥാനം നേടിയത്.

വനിതകളുടെ ഭരതനാട്യ മത്സരത്തിൽ ഇഞ്ചോടിഞ്ച് പ്രകടനമാണ് നടന്നത്. കൊല്ലം കലക്ട്രേറ്റ് ജീവനക്കാരി അനുകൃഷ്ണ രണ്ടാം സ്ഥാനവും കോഴിക്കോട് ജില്ലയിലെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റായ എസ് ദിവ്യശ്രീ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. തൃശൂർ, എറണാകുളം, ആലപ്പുഴ, കോഴിക്കോട്, കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലെ കലാകാരികളുടെ വ്യത്യസ്തമാർന്ന പ്രകടനം കാണികളുടെ മനം കവരുന്നതായിരുന്നു.