ഈ വില്ലേജ് ഓഫീസർക്ക് ചുവടും വഴങ്ങും

വില്ലേജ് ഓഫീസിലെ ഫയലുകൾ മാത്രമല്ല ഭാരതനാട്യത്തിന്റെ ചടുലമായ ചുവടുകളും വഴങ്ങും ഇരിങ്ങാലക്കുട മനവളശ്ശേരി വില്ലേജ് ഓഫീസർ വി സുനിൽകുമാറിന്.
സംസ്ഥാന റവന്യൂ കലോത്സവത്തിലെ പുരുഷന്മാരുടെ ഭാരതനാട്യ വേദിയിൽ ഊർജ്ജസ്വലമായ പ്രകടനവും ഈ വില്ലേജ് ഓഫീസർക്ക് സ്വന്തം. ഒപ്പം മത്സരിക്കാൻ മാറ്റാരുമില്ലെങ്കിലും ആവേശം ഒട്ടും ചോരാതെ ആയിരുന്നു സുനിൽ കുമാറിന്റെ അവതരണം.

ഗജാസുരവധവും ഗണപതി സങ്കൽപ്പവും ആടി തിമർത്തപ്പോൾ കഴിഞ്ഞനാളുകളിൽ കോവിഡ് ഉണ്ടാക്കിയ ശാരീരികാസ്വസ്ഥതകൾ പോലും സുനിൽകുമാർ മറന്നു. കഴിഞ്ഞ 20 വർഷക്കാലമായി നൃത്തം തന്റെ ജീവതാളമായി കൊണ്ട് നടക്കുന്ന സുനിൽകുമാർ റവന്യൂ കലോത്സവത്തിൽ ഭാഗമാകാനായതിന്റെ സന്തോഷത്തിലുമാണ്.

കോവിഡാനന്തരം നൃത്താഭ്യാസത്തിന് ചെറിയ ഇടവേള വന്നവെങ്കിലും കലോത്സവം ഇത്‌ പുനരാരംഭിക്കാൻ ഒരു നിമിത്തമായി. ഔദ്യോഗിക ജീവിതത്തിനിടയിൽ ലഭിച്ച ഈ അവസരം ഏറെ സന്തോഷത്തോടെയാണ് സ്വീകരിച്ചതെന്ന് സുനിൽകുമാർ പറയുന്നു. ജില്ലാ തലത്തിലും സുനിലിന് മത്സരത്തിൽ എതിരാളികൾ ഇല്ലായിരുന്നു.